Friday, March 29, 2024
keralaNews

കോട്ടയം പാലായില്‍ 10 കിലോ കേടായ മീന്‍ പിടികൂടി നശിപ്പിച്ചു.

തിരുവനന്തപുരം: കോട്ടയം പാലായില്‍ 10 കിലോ കേടായ മീന്‍ പിടികൂടി നശിപ്പിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ കണ്ടെത്തിയത്. മീന്‍ പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെയും പരിശോധന തുടരുകയാണ്.മൂവാറ്റുപുഴയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ എട്ട് കടകളിലാണ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. മൂന്ന് കടകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയതോടെ എട്ട് ഹോട്ടലുകള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കി.

തിരുവനന്തപുരം കല്ലറയില്‍ ഒരു ബേക്കറി യൂണിറ്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു. ഗള്‍ഫ് ബസാറിന്റെ ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സും പുതുക്കിയിരുന്നില്ല. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാംസ സംഭരണ കേന്ദ്രം താല്‍ക്കാലികമായി ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചത്.