Monday, April 29, 2024
Local NewsNews

സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് :  കാനനപാതയില്‍ അയ്യപ്പഭക്തരെ വനം വകുപ്പ് തടഞ്ഞു

എരുമേലി:ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമ്പരാഗത കാനനപാതയില്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് യാത്രയ്ക്ക് എത്തിയ അയ്യപ്പഭക്തരെ വനവകുപ്പ് തടഞ്ഞു. ഇന്ന് രാവിലെ എരുമേലി കോയിക്കക്കാവ് വനാതിര്‍ത്തിയിലാണ് നിരവധി അയ്യപ്പഭക്തരെ വനംവകുപ്പ് തടഞ്ഞത്. കാനനപാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് പൂര്‍ത്തീകരിച്ചിട്ടില്ലെന്നും,അവലോകന യോഗത്തിലെ തീരുമാനപ്രകാരം 17 തീയതി മുതലാണ് അയ്യപ്പഭക്തരെ കടത്തിവിടാന്‍ തീരുമാനിച്ചതെന്നും
വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി പരമ്പരാഗത കാനനപാതയിലൂടെ നടന്നുവരുന്ന തീര്‍ത്ഥാടകരാണ് ഇന്ന് രാവിലെ എരുമേലി വഴി നടന്ന് കോയിക്കക്കാവിലെത്തിയത്.തീര്‍ത്ഥാടകരെ തടഞ്ഞതോടെ ഹൈന്ദവ സംഘടനകളും നാട്ടുകാരും വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കുറച്ച് തീര്‍ത്ഥാടകരെ കടത്തിവിടുകയും, കുറച്ചു തീര്‍ത്ഥാടകരെ വാഹനം മാര്‍ഗ്ഗം തിരിച്ചയക്കുകയും ചെയ്തു.ശബരിമല തീര്‍ഥാടനമായ ബന്ധപ്പെട്ട് പ്രധാന കാനനപാതയിലെ പ്രധാന കേന്ദ്രങ്ങളായ കോയിക്കക്കാവ്, കാളകെട്ടി, പമ്പ വരെയുള്ള കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.നവംബര്‍ 17 ന് രാവിലെ മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പരമ്പരാഗത കാനനപാതക യാത്ര തീരുമാനിച്ചിരിക്കുന്നത് . തീര്‍ത്ഥാടകര്‍ ഇനിയും വരുന്ന പ്രതീക്ഷയില്‍ പേരൂര്‍ത്തോട്ടില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ശബരിമല തീര്‍ത്ഥാടകരോട് കടുത്ത വഞ്ചനയാണ് വനം വകുപ്പ്  കാണിക്കുന്നതെന്നും കാനനപാതയില്‍ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.