Tuesday, May 7, 2024
keralaNews

ലഹരിയില്‍ പതിനാറു വയസ്സുകാരന്‍ വീടിനു തീവെച്ചു; മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു

കഞ്ചാവ് ലഹരിയില്‍ പതിനാറു വയസ്സുകാരന്‍ വീടിനു തീവെച്ചു. വീട്ടില്‍ ഉണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തിനടുത്ത് ആത്തൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഭാരതി നഗര്‍ സ്വദേശികളാണ് മരിച്ചത്. ഇവരുടെ ചെറുമകനെ ആത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലാക്കി.

ലഹരി ഉപയോഗിക്കുന്നത് വിലക്കിയ മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട ശേഷം ഓലമേഞ്ഞ വീടിനു മുകളിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് അടുത്തുള്ള ആളുകള്‍ ഓടിയെത്തി. വീടുകത്തുന്നതും നോക്കി നില്‍ക്കുകയായിരുന്നു ചെറുമകന്‍. ആത്തൂര്‍ പോലീസും അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് തീ അണച്ചു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ലഹരി ഉപയോഗം വിലക്കിയ മുത്തച്ഛനോടും മുത്തശ്ശിയോടുമുള്ള പ്രതികാരം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചെറുമകന്‍ പോലീസ്നോട് പറഞ്ഞു.