Sunday, May 12, 2024
Local NewsNews

റീ ഫില്‍ഡ് കേരള: ഇരുമ്പൂന്നിക്കരയിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജനകീയ സമര സമിതി

 റീ ഫില്‍ഡ് കേരള:
ഇരുമ്പൂന്നിക്കരയിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ
ജനകീയ സമര സമിതി

പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ ഇരുമ്പൂന്നിക്കരയില്‍

വനം വകുപ്പ് വ്യാജരേഖ ഉണ്ടാക്കി

ഇരുമ്പൂന്നിക്കരയില്‍ ഭൂമി ഏറ്റെടുക്കല്‍ രഹസ്യമാക്കി

എരുമേലി: വനം വകുപ്പ് പദ്ധതിയായ റീ ഫില്‍ഡ്  കേരള, വനവത്കണത്തിന്റെ പേരില്‍ ഇരുമ്പൂന്നിക്കര വാര്‍ഡിലെ ഭൂമി ഏറ്റെടുക്കാനുള്ള രഹസ്യ നീക്കത്തിനെതിരെ ജനകീയ സമര സമിതി . എരുമേലി ഗ്രാമ പഞ്ചായത്തിനലെ ഒമ്പതാം വാര്‍ഡ് ഇരുമ്പൂന്നിക്കരയിലെ ഭൂമിയാണ് പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ വനം വകുപ്പ് നീക്കം നടത്തിയിരിക്കുന്നതെന്ന് സമര സമിതി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.  എന്നാല്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ മാത്രം ഒഴിവാക്കി പട്ടയം ലഭിച്ച മറ്റു താമസക്കാരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്നും ഇത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി വനം വകുപ്പ് തയ്യാറാക്കിയ അപേക്ഷ ചിലയാളുകള്‍ക്ക് മാത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 28 പേരാണ് ഭൂമി വിട്ട് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഓരോ കുടുംബത്തിനും 15 ലക്ഷം വാഗ്ദാനം ചെയ്താണ് സ്ഥലം ഏറ്റെടുക്കുന്നതെന്നും ഇതില്‍നിന്നും 21 പേര്‍ക്ക് പണം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പദ്ധതി പ്രകാരം സര്‍ക്കാരിന്റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് വനം വകുപ്പ് വനവത്ക്കരണത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നത് . തേക്ക് പ്ലാന്റേഷന്റെ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു വിഭാഗം ജനങ്ങളെ ഒഴിവാക്കാനാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വനത്തിനുള്ളില്‍ കഴിയുന്ന ജനങ്ങളെ ഒഴിവാക്കി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയാണെന്നും എന്നാല്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലെ ചിലരുടെ ഭൂമി മാത്രം ഏറ്റെടുക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ എരുമേലി ഗ്രാമ പഞ്ചായത്തില്‍ മാത്രമാണ് വന വിസ്തൃതിക്കായി ഭൂമി ഏറ്റെടുക്കുന്നത് . പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കരയില്‍ ഭൂമി ഏറ്റെടുക്കരുതെന്ന് വാര്‍ഡംഗം അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് കമ്മറ്റി പാസ്റ്റാക്കി സര്‍ക്കാരിനും – വനം വകുപ്പിനും, മറ്റ് ഉന്നതാധികാരികള്‍ക്കും നല്‍കിയിട്ടും
നടപടി സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതമാണെന്ന് കാട്ടി കമ്മറ്റി നടന്നുവെന്ന വ്യാജ റിപ്പോര്‍ട്ടാണ് വനം വകുപ്പ് നല്‍കിയത്. ഇത്തരത്തിലൊരു കമ്മറ്റി നടന്നിട്ടില്ലെന്ന് പഞ്ചായത്തും, എം പിയും , എം എല്‍ എയും സാക്ഷിപ്പെടുത്തിയിട്ടും, നിവേദനങ്ങളും , പരാതികളും , പ്രതിഷേധങ്ങളും നടത്തിയിട്ടും വനം വകുപ്പ് വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു . ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴാം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തുമെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ സമര സമിതി ചെയര്‍മാനും വാര്‍ഡംഗവുമായ പ്രകാശ് പള്ളിക്കൂടം, കണ്‍വീനര്‍ മുരളീധരന്‍ പി ജെ, കമ്മറ്റി അംഗം ഖനീഫ വടക്കോത്ത്, പട്ടിക വര്‍ഗ്ഗ ഊരുകൂട്ടം സംസ്ഥാന പ്രസിഡന്റ് രാജന്‍ അറക്കുളം എന്നിവര്‍ പങ്കെടുത്തു.