Saturday, May 4, 2024
Local NewsNews

എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ രണ്ടാംഘട്ട നവീകരണത്തിനും ഫണ്ട് അനുവദിക്കും : മന്ത്രി മുഹമ്മദ് റിയാസ്

എരുമേലി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കീഴിലുള്ള എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുക അനുവദിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എരുമേലിയില്‍ ഒന്നാം ഘട്ടമായി ഒരുകോടി രൂപ ചിലവഴിച്ച് നവീകരിച്ച പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജനപ്രതിനിധികളായ തങ്കമ്മ ജോര്‍ജുകുട്ടി, അനുശ്രീ സാബു, ബിന്‍സി മാനുവല്‍ , ജസ്‌ന നജീബ് , സുനില്‍ ചെറിയാന്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ സജിന്‍ വട്ടപ്പള്ളി , ബിനോ ചാലക്കുഴി, ടി. വി ജോസഫ്, ജോസ് പഴയതോട്ടം, അബ്ദുല്‍ കരീം , സലിം വാഴമറ്റം,തങ്കച്ചന്‍ കാരക്കാട്, അജി വെട്ടുകല്ലാംകുഴി, ബോസ് ഉറുമ്പില്‍, എന്നിവരും ഡിടിപിസി സെക്രട്ടറി റോബിന്‍ സി.കോശി, സില്‍ക്ക് റീജണല്‍ മാനേജര്‍ ഡേവിസ് കൊറയ്യാ തുടങ്ങിയവര്‍ പ്രസംഗിച്ചു.നിലവില്‍ പ്രധാന കെട്ടിടങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി സ്യൂട്ട് റൂമുകളായും, എക്‌സിക്യൂട്ടീവ് റൂമുകളായും പരിഷ്‌കരിച്ച് ഫര്‍ണിഷിംഗ് നടത്തി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ്. കൂടാതെ വയറിങ്, പ്ലംബിംഗ്, പെയിന്റിംഗ്, മുറ്റത്ത് ടൈല്‍ പാകല്‍ എന്നീ പ്രവര്‍ത്തികളും നടപ്പിലാക്കി.പില്‍ഗ്രിം സെന്ററിലിയ്ക്കുള്ള 300 മീറ്റര്‍ റോഡ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഉപയോഗക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഒന്നാം ഘട്ടമായി ഒരുകോടി രൂപ അനുവദിച്ചത്. ഇനി അവശേഷിക്കുന്ന കെട്ടിടങ്ങളും അറ്റകുറ്റപ്പണികള്‍ക്കും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന ഒന്നരക്കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചതിനാല്‍ വരും വര്‍ഷങ്ങളിലേക്ക് പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും.കൂടാതെ ശബരിമല വിമാനത്താവള പദ്ധതി ഉള്‍പ്പെടെ വന്‍ വികസന പദ്ധതികള്‍ എരുമേലിയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്ഥാടന കാലം ഒഴികെയുള്ള കാലഘട്ടങ്ങളിലും യാത്രക്കാര്‍ക്കും മറ്റും അമിനിറ്റി സെന്ററിന്റെ സൗകര്യം പ്രയോജനപ്രദമാകും. പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളയ്ക്ക് ആയിരുന്നു ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ചുമതല.