Wednesday, May 8, 2024
keralaNewspolitics

പഴയിടം വിവാദം: ജാതി പറഞ്ഞ് വേര്‍തിരിവുണ്ടാക്കാന്‍ ശ്രമം ഡോ. അരുണിനെതിരെ പരാതി

തിരുവനന്തപുരം:കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകന്‍ ഡോ. അരുണ്‍കുമാറിനെതിരെ ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ച് യുജിസിക്ക് ലഭിച്ച പരാതിയില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം.  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാറിന് കേരളത്തില്‍ നിന്നടക്കം പരാതികള്‍ ലഭിച്ചത്.ഈ പരാതിയില്‍ പരിശോധന നടത്തി വിവരം അറിയിക്കാന്‍ യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയത്. കലോത്സവ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയില്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തില്‍ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എന്‍ വാസവന്‍ പറഞ്ഞു. കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പണമെന്നാവശ്യപ്പെട്ടുണ്ടായയ വിവാദങ്ങളിലേക്ക് മന്ത്രി നേരിട്ട് കടന്നില്ലെങ്കിലും എല്ലാ പ്രതിസന്ധിയിലും സര്‍ക്കാരും പാര്‍ട്ടിയും പഴയിടത്തിനൊപ്പം ഉണ്ടാകുമെന്ന് വാസവന്‍ ഉറപ്പുനല്‍കി. നന്മ നിറഞ്ഞ മനസുള്ള തിരുമേനി എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഎം നേതാവ് പഴയിടത്തെ വിശേഷിപ്പിച്ചത്. അതേസമയം, സര്‍ക്കാര്‍ പ്രതിനിധിയായല്ല, സ്വന്തം സഹോദരന്‍ എന്ന നിലയിലാണ് വാസവനെ കാണുന്നതെന്നു പറഞ്ഞ പഴയിടം കലോത്സവ പാചകത്തിലേക്ക് തിരിച്ചെത്തുന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാതെയാണ് മന്ത്രിയെ യാത്രയാക്കിയത്.