Friday, April 19, 2024
keralaNewsSports

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവച്ചു

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും – സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മുഴുവന്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളും രാജിവച്ചു. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് വിവരം. മേഴ്‌സികുട്ടനെ കൂടാതെ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. യു.ഷറഫലി പുതിയ പ്രസിഡന്റായേക്കും എന്നാണ് വിവരം. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കേയാണ് മേഴ്‌സിയുടെ രാജി. കായിക താരങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ലെന്ന പരാതി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതോടെ അഭിപ്രായ വ്യത്യാസം കടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്യക്ഷമതയെ കുറിച്ചും മന്ത്രിക്കും വകുപ്പിനും പരാതി ഉണ്ടായിരുന്നു. ഇതെല്ലാം കൂടിയായപ്പോഴാണ് പ്രഡിസിഡന്റും വൈസ് പ്രസിഡന്റും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും ഇനി തുടരേണ്ടതില്ലെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വച്ചത് . സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി ഒളിന്പിക്‌സ് അസോസിയേഷന്‍ കാര്യങ്ങള്‍ നടത്തിയെടുക്കുന്നു എന്ന വിമര്‍ശനം കായിക വകുപ്പിനുണ്ട്. ഒളിംപിക് അസോസിയേഷന്റെ അനാവശ്യ കൈകടത്തലുകളില്‍ മേഴ്‌സിക്കുട്ടനും അതൃപ്തി ഉള്ളതായാണ് വിവരം. ഇതും രാജി തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2019 ല്‍ ടിപി ദാസന് ശേഷമാണ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തെത്തുന്നത്.