Sunday, April 28, 2024
keralaNewsObituary

മലയാള മനോമ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും മുന്‍ മാനേജിങ് എഡിറ്ററുമായ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (തമ്ബാന്‍ 91) അന്തരിച്ചു.മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് റമ്ബാന്റെ സഹോദരി താണ്ടമ്മയാണ് മാതാവ്.

1930 മാര്‍ച്ച് 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബൈല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം 1955ല്‍ മനോരമയില്‍ മാനേജരായി ചുമതലയേറ്റു. 1965ല്‍ ജനറല്‍ മാനേജരും 1973ല്‍ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പര്‍ മാനേജ്മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം നേടിയിട്ടുണ്ട്.ബ്രിട്ടന്‍, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ അച്ചടി, പത്രപ്രവര്‍ത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടി. അദ്ദേഹം കേരള സര്‍ക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയില്‍ അംഗമായിരുന്നു.ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഇഎന്‍എസ്) പ്രസിഡന്റ്, ഓഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു.ഭാര്യ: മലങ്കര ഓര്‍ത്തഡോക്സ് സഭാ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാമിന്റെ മകള്‍ പരേതയായ അന്നമ്മ. മക്കള്‍: താര, റോഷിന്‍, മാമി, സൂസന്‍, അശ്വതി. മരുമക്കള്‍: കൊട്ടാരത്തില്‍ മേടയില്‍ അരുണ്‍ ജോസഫ്, കുളങ്ങര കെ.പി. ഫിലിപ്പ്, കളരിക്കല്‍ കെ. കുര്യന്‍, രാമകൃഷ്ണന്‍ നാരായണന്‍.