Sunday, May 12, 2024
keralaNews

പാലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ കാടുകയറ്റി.

പാലക്കാട് കൊട്ടാം പട്ടിയിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ കാടുകയറ്റി.വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയുമാണ് ആനയെ കാടു കയറ്റിയത്.നിരന്തരം ജനവാസ മേഖലയില്‍ ആശങ്ക വിതയ്ക്കുന്ന ബി ടി ഫൈവെന്ന് വിളിപ്പേരുള്ള ആനയാണ് രാവിലെ ആറ് മണിയോടെ കാട് വിട്ട് നാട്ടിലിറങ്ങിയത്. വീടുകളുടെ സമീപത്ത് എത്തി ഏറെ നേരം നിലയുറപ്പിച്ച ആന ക്യഷിയിടത്തിലുമിറങ്ങി നാശം വരുത്തി. ആന ട്രാക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനെത്തി. നാട്ടുകാര്‍ ബഹളം വച്ച് ട്രെയിന്‍ തടഞ്ഞിട്ടു.

പത്ത് മിനിറ്റ് കഴിഞ്ഞ് ഹോണ്‍ മുഴക്കി ട്രെയിന്‍ മുന്നോട്ട് നീങ്ങി. ഈ സമയം ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരുന്നു. വീണ്ടും പടക്കം പൊട്ടിച്ച് അര മണിക്കൂറിന് ശേഷം ആനയെ കാടു കയറ്റുകയായിരുന്നു. ആനത്താരയെത്തും വരെ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തായിരുന്നു കൊമ്പന്റെ മടക്കം.