Monday, May 6, 2024
keralaNewspolitics

വര്‍ക്കല എം.എല്‍.എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.

തിരുവനന്തപുരം:വര്‍ക്കല എം.എല്‍.എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്.വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലൂടെ സമഗ്രമായ ശുദ്ധീകരണത്തിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പനെതിരെ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ഏറെക്കാലമായി നീളുകയായിരുന്ന സെക്രട്ടറി നിയമനം വേഗത്തിലായത്.വ്യാഴാഴ്ച രാവിലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുത്തു. യോഗത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് വി.ജോയിയുടെ പേര് മുന്നോട്ടുവച്ചതെന്നാണ് സൂചന. വി.ജോയിയെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് തന്നെ യോഗം ചേരും.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതോടെ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായെങ്കിലും നേതൃത്വത്തിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം തീരുമാനം നീണ്ടു. കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി മേയര്‍ ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ സംരക്ഷിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെന്ന ആക്ഷേപവും പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി.