Sunday, May 5, 2024
HealthkeralaNews

റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം വാക്‌സീന്‍; പ്രതിസന്ധി രൂക്ഷം, രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ പ്രതിസന്ധിയില്‍

ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രം വാക്‌സീന്‍ നല്‍കുമെന്ന തീരുമാനം വന്നതോടെ പ്രതിസന്ധി രൂക്ഷം. കോവിന്‍ വെബ്‌സൈറ്റ്, ആരോഗ്യ സേതു മൊബൈല്‍ ആപ് എന്നിവ വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ വാക്‌സീന്‍ നല്‍കുന്നത്. ജില്ലയിലെ ഒരു വാക്‌സീന്‍ കേന്ദ്രം പോലും ഇപ്പോള്‍ സൈറ്റില്‍ കാണാനില്ല. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കേണ്ടവരും സൈറ്റ് വഴി ബുക്ക് ചെയ്യണമെന്നാണ് നിര്‍ദേശം. ഇവര്‍ക്കും ബുക്ക് ചെയ്യാനാവുന്നില്ല. ഇതോടെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വാക്‌സീന്‍ ക്ഷാമം കാരണം മെഗാ ക്യാംപുകള്‍ നിര്‍ത്തി.

വിവിധ കേന്ദ്രങ്ങള്‍ വഴി 7, 000 ഡോസ് മാത്രമാണ് പ്രതിദിനം നല്‍കുന്നത്. 45 വയസ്സിനു മുകളിലുള്ള വലിയ വിഭാഗം കൂടി രണ്ടാം ഡോസിനായി എത്തിത്തുടങ്ങി. 18 വയസ്സിനു മുകളിലുള്ളവര്‍ക്കും മേയ് ഒന്നു മുതല്‍ വാക്‌സീന്‍ നല്‍കിത്തുടങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ പ്രതിസന്ധിലാകും. കോവിഡ് കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയെന്ന പരിഗണനയും കോട്ടയത്തിന് ലഭിക്കുന്നില്ല.

കൂടുതല്‍ ഡോസ് വാക്‌സീന്‍ എത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. കൂടുതല്‍ വാക്‌സീന്‍ എത്തിച്ചു കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം. ഇങ്ങനെ വന്നാല്‍ കൂടുതല്‍ പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനും സാധിക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. സംസ്ഥാന തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജില്ലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുക. സാഹചര്യം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.