Wednesday, May 15, 2024
keralaNewsObituary

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; ഇന്ന് ശിക്ഷാ വിധി

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ വിധി ഇന്ന്. 15 പിഎഫ്‌ഐക്കാരും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയില്‍ എല്ലാ പ്രതികള്‍ക്കും പങ്കുണ്ടെന്നും എട്ട് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2021 ഡിസംബര്‍ 19-നായിരുന്നു രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്‍പില്‍ വച്ച് പിഎഫ്‌ഐ ഭീകരര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വന്‍ ഗൂഢാലോചനകള്‍ക്ക് ശേഷമായിരുന്നു കൊല.
ആലപ്പുഴ ഡി വൈ.എസ്പി എന്‍.ആര്‍ ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി.