Saturday, May 4, 2024
keralaNews

കോവിഡ് വാക്സിന്‍ വിതരണത്തിനൊരുങ്ങി കേരളം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് 13300 പേരാണ് വാക്സിന്‍ സ്വീകരീക്കുന്നത്. രാവിലെ 10.30ഓടെയാണ് രാജ്യ വ്യാപകമായി വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

സംസ്ഥാനത്ത് 133 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ശീതീകരണ സംവിധാനത്തില്‍ കൊവിഷീല്‍ഡ് വാക്സില്‍ ഇവിടെ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെയ്പ്പ് എടുക്കുന്നത്. കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി, 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. ഞായറാഴ്ച മുതല്‍ കോവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന തുടങ്ങും.

കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പെടുക്കാന്‍ എത്തേണ്ട കേന്ദ്രം, സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്സിനേഷന്‍ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം ചില ജില്ലകളില്‍ സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കോവിഡിന്റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. കുത്തിവെയ്പ് എടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.