Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തീര ദിശയില്‍ നിന്നുള്ള മഴ മേഘങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും. കണ്ണൂര്‍ പെരിങ്ങോം, കാസര്‍കോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ തീരദേശ മേഖലയിലാകെ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുയരാന്‍ സാധ്യതയുണ്ട്. മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. അതേസമയം തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു.അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം കൂടി. തിരുവനന്തപുരത്ത് ആര്യനാട് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിനു മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് മരിച്ചത്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ കാണാതായ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.അപ്പര്‍കുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. കാലവര്‍ഷത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 150 ആയി. വിവിധ ജില്ലകളില്‍ ആയി 651 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചില താഴ്ന്ന പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.