സിസ തോമസ് വിരമിച്ചു; ഇനി ഡോ.സജി ഗോപിനാഥ്

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വി.സി സിസ തോമസ് വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക വി.സിയായി ഡിജറ്റല്‍ സര്‍വകലാശാല വി.സിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്.  സിസ തോമസ് വിരമിക്കുമ്പോള്‍ പകരം വി.സിയെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ഗവര്‍ണര്‍ പാനല്‍ ആവശ്യപ്പെട്ടിരുന്നു.   തുടര്‍ന്ന് മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തു. പട്ടികയില്‍ ഒന്നാമത്തെ പരിഗണന സജി ഗോപിനാഥിനായിരുന്നു. തുടര്‍ന്ന് ഈ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സിയായി നിയമിച്ചു.സജി ഗോപിനാഥ് ശനിയാഴ്ചയാണ് ചുമതലയേല്‍ക്കുക.കെടിയു താത്കാലിക വിസിയായി സേവനമനുഷ്ഠിച്ചിരുന്ന സിസ തോമസ് ഇന്ന് സര്‍ക്കാരിന് മുന്നില്‍ ഹാജരാകില്ല. വിരമിക്കുന്ന ദിവസം ആയതിനാല്‍ തിരക്കാണെന്ന് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് വിരമിക്കുന്ന ദിവസമായതിനാല്‍ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കഴിയില്ലെന്ന് സിസ തോമസ് വ്യക്തമാക്കി. നാളെ മുതല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും സിസ സര്‍ക്കാരിനെ അറിയിച്ചു.