Friday, May 3, 2024
keralaLocal NewsNews

ചിറക്കടവില്‍ പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു.

ചിറക്കടവില്‍ പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു. ഉപ്പുതറ പശുപാറ സ്വദേശി അക്ഷയ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്ത് 16ാം വാര്‍ഡ് പടിഞ്ഞാറ്റുംഭാഗത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു.ശക്തമായ മഴയൊടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍ എന്നായിരുന്നു മുന്നറിയിപ്പ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.