Monday, April 29, 2024
keralaNewspolitics

ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്കാണ് നാടുകടത്തിയത്

കാഠ്മണ്ഡു: പ്രായാധിക്യം കണക്കിലെടുത്ത് നേപ്പാള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച കൊടും കുറ്റവാളി ചാള്‍സ് ശോഭരാജിനെ(78) ഫ്രാന്‍സിലേക്ക് നാടുകടത്തി. ഇന്നലെ രാവിലെയാണ് ഇയാളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പിന്നാലെ സുരക്ഷാസേനയുടെ അകമ്പടിയില്‍ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തില്‍ ദോഹയിലേക്കും, ഇവിടെ നിന്ന് പാരീസിലേക്കും കൊണ്ടു പോകാനാണ് തീരുമാനം.പാരീസില്‍ ചാള്‍സ് ശോഭരാജിന്റെ മകളും അമ്മയും എത്തി കൂട്ടിക്കൊണ്ടുപോകുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. 10 വര്‍ഷത്തേക്ക് നേപ്പാളിലേക്ക് പ്രവേശിക്കുന്നതിന് ചാള്‍സിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നേപ്പാളിലെ ഗംഗാലാല്‍ ആശുപത്രിയില്‍ 10 ദിവസം ചികിത്സ നടത്തണമെന്ന് ചാള്‍സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല.  2017ല്‍ ഇതേ ആശുപത്രിയില്‍ വച്ചാണ് ചാള്‍സ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.അമേരിക്കന്‍ സഞ്ചാരികളുടെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2003 മുതല്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാര്‍ക്ക് ശിക്ഷയുടെ കാലാവധിയുടെ 75 ശതമാനം പൂര്‍ത്തിയായാല്‍ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളില്‍. ഈ ആനുകൂല്യത്തിലാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.