Friday, April 26, 2024
NewsSportsworld

മൊറോക്കോയെ തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമത്

ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോയ്ക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം.                                      ലൂക്ക മോഡ്രിച്ചിനും സംഘത്തിനും മടങ്ങാം. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഓര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്.

അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ആശ്വാസ ഗോള്‍.മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യ ഗോള്‍ നേടി. ക്രാമറിച്ചിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത മയെറില്‍ നിന്നും ഹെഡറിലൂടെ പന്ത് പെരിസിച്ച് ഗ്വാര്‍ഡിയോളിന് നല്‍കി. പിഴയ്ക്കാത്ത ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ അത് ഗോളാക്കി മാറ്റുകയായിരുന്നു. ഒപ്പത്തിനൊപ്പം പൊരുതിയ മൊറോക്കോ ഒന്‍പതാം മിനിറ്റില്‍ തന്നെ സമനില കണ്ടെത്തി. സിയെച്ച് എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ ദാരി ക്രൊയേഷ്യന്‍ വലയിലെത്തിച്ചു. തുടര്‍ന്ന് പൊരുതിക്കളിച്ച ക്രൊയേഷ്യ നാല്‍പ്പത്തി രണ്ടാം മിനിറ്റില്‍ വീണ്ടും ലീഡ് നേടി. മൊറോക്കോ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത ഓര്‍സിച്ച്,                                              ബോക്‌സിന്റെ മൂലയില്‍ നിന്നും പായിച്ച തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി വലയിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ സമനില നേടാനുള്ള എല്ലാ ശ്രമങ്ങളും മൊറോക്കോ നടത്തിയെങ്കിലും, ഉറച്ച ക്രൊയേഷ്യന്‍ പ്രതിരോധക്കോട്ട അവയെല്ലാം നിഷ്പ്രഭമാക്കി. ക്രൊയേഷ്യയുടെ പരിചയ സമ്പത്തിനും കേളീ മികവിനും മുന്നില്‍ നിര്‍വീര്യമാക്കപ്പെട്ട് മൊറോക്കോ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.