Tuesday, May 7, 2024
keralaNewsUncategorized

ടൈറ്റാനിയത്തിന് പിുന്നാലെ ബെവ്‌കോയിലും ജോലി തട്ടിപ്പ്

പത്തനംതിട്ട : ടൈറ്റാനിയത്തിന് പിുന്നാലെ ബെവ്‌കോയിലും ജോലി തട്ടിപ്പ് . ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായര്‍ ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു.    പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായര്‍ വാങ്ങിയത്. യുവതിയുടെ പരാതിയില്‍ കീഴ്‌വായ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ടൈറ്റാനിയത്തില്‍ ജോലി തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കില്‍, തലസ്ഥാനവും കടന്ന് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇരയായതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ്വായ്പൂര്‍ പൊലീസിന് പരാതി കിട്ടിയത്.ഇക്കഴിഞ്ഞ ജൂലൈ മാസം നാലാം തിയതിയാണ് മുപ്പത്തിമൂന്നുകാരിയായ കുന്നന്താനം സ്വദേശി, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ ദിവ്യ നായര്‍ക്ക് പണം കൈമാറിയത്. ടൈറ്റാനിയത്തില്‍ ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാര്‍ത്ഥികള്‍ ദിവ്യ നായര്‍ക്ക് പണം അയച്ച യൂണിയന്‍ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഈ യുവതിയും പണം അയച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പല തവണ യുവതി ദിവ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ടൈറ്റാനിയത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 2018 മുതല്‍ ദിവ്യ നായര്‍ വിവിധ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. ടൈറ്റാനിയത്തിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പേരിലും ദിവ്യ നായര്‍ തട്ടിപ്പ് നടത്തിയെന്ന സൂചന പൊലീസിന് ഉണ്ടായിരുന്നെങ്കിലും  ഇക്കാര്യത്തില്‍ സ്ഥീരീകരണമുണ്ടാവുന്നത് ആദ്യമാണ്. കീഴ്വായ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിവ്യ നായരെ കസ്റ്റഡിയില്‍എടുക്കും.