Friday, May 3, 2024
keralaNews

കിണര്‍ തേകുന്നതിനിടെ മണ്ണിരയെപ്പോലെ തോന്നിക്കുന്ന ജീവി, കണ്ടെത്തലില്‍ അപൂര്‍വ ഭൂഗര്‍ഭ മത്സ്യം

സെന്റ് തോമസ് കോളജ് സുവോളജി വിഭാഗം അധ്യാപകര്‍ നടത്തിയ പഠനത്തില്‍ അപൂര്‍വമായ മനിഞ്ജീല്‍ (ഈല്‍) ഇനത്തില്‍പെട്ട ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശിയായ ജോമി ബി.സാമുവല്‍ വീട്ടിലെ കിണര്‍ തേകുന്നതിനിടെയാണ് മണ്ണിരയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടത്. തുടര്‍ന്ന് സെന്റ് തോമസ് കോളജ് സുവോളജി വിഭാഗവുമയി ബന്ധപ്പെട്ടു. അധ്യാപകരായ മാത്യു തോമസ്, ഡോ.ജയേഷ് ആന്റണി, ഡോ.പ്രതീഷ് മാത്യു, ആന്‍ സൂസന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇത് സിന്‍ബ്രാന്‍കിഡേ കുടുംബത്തില്‍പെട്ട മലബാര്‍ സ്വാംപ് ഈല്‍ (ശാസ്ത്രീയ നാമം: രക്തമിക്തിസ് ഇന്‍ഡികസ്) എന്ന അപൂര്‍വമായ ഭൂഗര്‍ഭ മത്സ്യമാണെന്നു കണ്ടെത്തി.തുടര്‍ന്ന് കേരള സര്‍വകലാശാല ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ മത്സ്യ ടാക്‌സോണമിസ്റ്റും പ്രഫസറുമായ ഡോ.രാജീവ് രാഘവനുമായി കൂടിക്കാഴ്ച നടത്തി അപൂര്‍വമായ മനിഞ്ജീല്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 8 ഭൂഗര്‍ഭ മത്സ്യങ്ങളില്‍ രക്തമിക്തിസ് ജനുസില്‍ ഉള്‍പ്പെടുന്ന 3 സ്പീഷീസുകളില്‍ ഒന്നാണിത്. ഈല്‍ ഇനത്തില്‍ പെട്ടതും വെട്ടുകല്ല് ഉള്ള പ്രദേശങ്ങളിലെ ഭൂഗര്‍ഭ അരുവികളിലും നീര്‍ച്ചാലുകളിലും വസിക്കുന്നതുമായ ഇവയ്ക്കു പരിണാമത്തിലൂടെ കണ്ണുകളും ചിറകുകളും നഷ്ടമായ അവസ്ഥയിലാണ്. അത്യപൂര്‍വമായാണ് ഇവ പുറംലോകത്ത് പ്രത്യക്ഷപ്പെടുന്നത്. രക്ത നിറമുള്ള മത്സ്യം എന്നതിനാലാണ് ഈ മീനിന്റെ ജനുസിന് രക്തമിക്തിസ് എന്ന പേര് നല്‍കിയിരിക്കുന്നത്.പൂര്‍ണ വളര്‍ച്ച എത്തിയ മീനിന് ഏകദേശം 20 മുതല്‍ 25 സെന്റിമീറ്റര്‍ വരെ നീളമുണ്ട്. ഉറവകളിലൂടെ അപൂര്‍വമായി കിണറുകളില്‍ എത്തുന്ന ഇവയുടെ തനതായ ഭക്ഷണം, സ്വഭാവ സവിശേഷതകള്‍, പ്രജനനം തുടങ്ങിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. കിണറുകളില്‍ നിന്ന് അപൂര്‍വമായി ലഭിക്കുന്ന ഇവയെ പാമ്പോ മണ്ണിരയോ ആയി തെറ്റിദ്ധരിച്ചു ആളുകള്‍ കൊന്നു കളയുകയാണ് പതിവ്. ഇവയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തി വരികയാണ്. 1955ല്‍ ആരംഭിച്ച സെന്റ് തോമസ് കോളജ് സുവോളജി വിഭാഗത്തിന്റെ മ്യൂസിയത്തിലാണ് മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്.