Thursday, May 16, 2024
keralaNewspolitics

ഒരു കുടുംബത്തിനായി മാത്രം എല്‍ഡിഎഫ്- യുഡിഎഫ് നിലകൊള്ളുന്നു; പ്രധാനമന്ത്രി

തിരുവനന്തപുരം: ബിജെപി ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല. ബിജെപി ദുര്‍ബലമായിരുന്ന കാലത്തും ബിജെപി സംസ്ഥാനത്തിന്റെ വികസനത്തിനായി നിലകൊണ്ടു. രാജ്യം വളരുന്നതിനൊപ്പം കേരളത്തെയും കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധനല്‍കുന്നുണ്ട്. രാജ്യം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഗള്‍ഫുനാടുകളില്‍ അടക്കമുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതാണ്.

അതിനാല്‍ 2024 ലെ തിരഞ്ഞെടുപ്പ് പുതിയ ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള തിരഞ്ഞെടുപ്പ് കൂടിയാണ്.തിരുവനന്തപുരത്തെ ബിജെപിയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കേന്ദ്രത്തില്‍ കോണ്‍ഗ്രസും ഒരോ കുടുംബങ്ങള്‍ക്കുമായി നിലകൊള്ളുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായുള്ള എല്‍ഡിഎഫ്- യുഡിഎഫ് ഭരണങ്ങള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തതായും ബിജെപി കേരളത്തെ വരുംനാളുകളില്‍ മുന്നോട്ടുനയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2019ല്‍ എന്‍ഡിഎ സഖ്യത്തിന് വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കാന്‍ സാധിച്ചത്. ഇത് ഇത്തവണ ഇരട്ടയക്ക സീറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലെ മുദ്രാവാക്യം ‘ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍’ എന്നായിരുന്നെങ്കില്‍ 2024 ല്‍ ‘ഇത്തവണ 400 സീറ്റ്’ എന്നതാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയപ്പെടുമെന്ന് അവര്‍ക്ക് തന്നെ ഉറപ്പായിരിക്കുകയാണ്. അവരുടെ മുന്നില്‍ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള റോഡ് മാപ്പില്ല, മോദിയെ കുറ്റം പറയുക എന്നതുമാത്രമാണ് പ്രതിപക്ഷത്തിന്റെ നയം.

കേരളം ഇത്തവണ രാഷ്ട്ര നിര്‍മ്മാണത്തിനായി ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനുമൊപ്പം നിലകൊള്ളുമെന്ന് ഉറപ്പാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച പദയാത്രയില്‍ ജനങ്ങള്‍ അണിനിരക്കുന്നത് കണ്ടപ്പോള്‍ തനിക്ക് അതാണ് ബോദ്ധ്യമായത്. കേരളത്തിന്റെ ഈ മനോഭാവം 370 സീറ്റെന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.

അതിനാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മോദി പ്രതിജ്ഞാബദ്ധനാണ്.കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ പരിഗണനയാണ് നല്‍കുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ പാരമ്പര്യ ചികിത്സാമേഖലയെ പരിപോഷിപ്പിച്ചു. കേരളത്തിലെ 36 ലക്ഷം വീടുകളില്‍ ജലജീവന്‍ മിഷനിലുടെ കുടിവെള്ളം എത്തിച്ചു. കേരളത്തിലെ 40 ലക്ഷത്തോളം കൃഷിക്കാര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയിലൂടെ ധനസഹായം നല്‍കി.

വന്ദേഭാരത് തുടങ്ങീ ഹൈവ് വികസനം വരെ കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തെ കാലഘട്ടത്തിന് അനുസരിച്ചുള്ളതാക്കിമാറ്റി. കേരളത്തില്‍ ബിജെപി ഒരിക്കലും സര്‍ക്കാരിന്റെ ഭാഗമായിട്ടില്ല. പക്ഷെ, കേരളത്തിന്റെ വികസനത്തിനായി എല്ലാകാലത്തും നിലകൊണ്ടു. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ ലക്ഷ്യം എന്താണ് ചെയ്തിട്ടുള്ളത്. അവര്‍ പതിറ്റാണ്ടുകളായി ഈ നാടിനെ അടിയറവുവച്ചു. ഇരു കൂട്ടരും ഓരോ കുടുംബങ്ങള്‍ക്കുമായാണ് നിലകൊള്ളുന്നത്. കേരളത്തില്‍ പരസ്പരം ശത്രുക്കളായവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവറാണ്. പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിയുടെ മൂന്നാം ഊഴത്തില്‍ രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും, ഇതാണ് മോദിയുടെ ഗ്യാരന്റി. അഴിമതിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കും. 25 കോടി ജനങ്ങളെ ദാരിദ്ര്യ മുക്തമാക്കി. ഇനിയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. മൂന്നാം മോദി സര്‍ക്കാര്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുന്നോട്ടുനയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ അവരങ്ങള്‍ ഒരുക്കുന്നതായിരിക്കും ബിജെപിയുടെ മൂന്നാം ഊഴം. ഇവയൊക്കെയാണ് മോദി നല്‍കുന്ന ഗ്യാരന്റി.