Monday, May 6, 2024
keralaLocal NewsNews

ബഫർ സോൺ ഉപഗ്രഹ സർവേ : രണ്ട് വാർഡുകൾ പുതിയ  റിപ്പോർട്ടിലും വനം തന്നെ : ആശങ്ക ഒഴിയാതെ മലയോര മേഖല

മുണ്ടക്കയത്ത് 30 ന് പ്രതിഷേധ സമരം

കുടുംബങ്ങൾ വംശനാശം നേരിടുമെന്നും  ഭയം ……

എരുമേലി: ബഫർ സോൺ – പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് നടത്തിയ ഉപഗ്രഹ സർവേയിൽ സർക്കാർ  ഇന്നലെ പുറത്തുവിട്ട പുതിയ  റിപ്പോർട്ടിലും  രണ്ട് വാർഡുകൾ വനമായി തുടരും.എന്നാൽ പ്രധാന ജനവാസ മേഖലയായ എരുമേലി ഗ്രാമ പഞ്ചായത്തിലെ വാർഡ് – 11 പമ്പാവാലിയും, 12 എയ്ഞ്ചൽവാലിയും ഇപ്പോഴും  വനമേഖലയായി തുടരുന്നതാണ്  ആയിരത്തിലധികം വരുന്ന കർഷക കുടുംബങ്ങളെ  ആശങ്കയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എടുത്ത ഉപഗ്രഹ സർവെയിലും ഈ രണ്ട് വാർഡുകളും വനഭൂമിയായി വന്നിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്നലെ പുറത്തുവിട്ട  റിപ്പോർട്ടിലും വാർഡുകൾ വനമായി നിലനിൽക്കുന്നത്.  രണ്ട് വാർഡുകളിലെ സ്കൂളുകൾ, അംഗൻവാടികൾ, ആരാധനാലയങ്ങൾ, കൃഷി ഭൂമി, വീടുകൾ അടക്കം വരുന്ന ജനവാസ മേഖലയാണ് ഉപഗ്രഹ സർവെയിൽ വനമേഖലയായി കഴിഞ്ഞ ദിവസം പുറത്തുവിട്ടതുപോലെയുള്ള റിപ്പോർട്ട് ഇന്നലെയും സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.ഇസ്രയേലിൽ നിന്ന് യഹൂദർ കൂട്ട പാലായനം നടത്തിയതു പോലെ ഈ വാർഡിലെ ജനങ്ങൾ എല്ലാം ഉപേക്ഷിച്ച് നാടു വിടേണ്ടി വരുമന്ന ആശങ്കയിലാണ്. എന്നാൽ ബഫർ സോണിലെ ജനവാസ മേഖലയെ സർവെയിൽ നിന്നും ഒഴിവാക്കിയ നടപടി നിലവിൽ മൂക്കൻപ്പെട്ടി,കണമല പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമാണെങ്കിലും വനമായി മാറിയ വാർഡുകളിലെ കർഷകരാണ് പെരുവഴിയിലായിരിക്കുന്നത്. ഒരു കിലോമീറ്റർ ബഫർ സോൺ , അഴുത – പമ്പ നദികളുടെ അതിർത്തികൾ പുനസ്ഥാപിച്ചു കൊണ്ട് സർക്കാർ റീ നോട്ടിഫിക്കേഷൻ നടത്തണമെന്നാണ് കർഷകർ പറയുന്നത്. പി.റ്റി.ആർ വന സംരക്ഷണത്തിനായി ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ വാർഡും,കോരുത്തോട് പഞ്ചായത്തിലെ ജനങ്ങളും ആശങ്കയിലാണ്. സ്ഥലകച്ചവടം, വിവാഹം,വീട് നിർമ്മാണം, കൃഷി അടക്കം എല്ലാം പ്രതിസന്ധിയിലാകുന്നതോടെ തങ്ങൾ വംശനാശം നേരിടുന്ന കുടുംബങ്ങൾ എന്ന തരത്തിലേക്ക് വരുമെന്നും നാട്ടുകാർ പറയുന്നു.എല്ലാകാര്യത്തിനും  തങ്ങളുടെ നാട്ടിലെത്തുന്നവർ ഇക്കാര്യത്തിൽ മാത്രം പഠനത്തിനായി ഒന്ന് തിരിഞ്ഞ് നോക്കുന്നില്ലെന്നും ഇവർ പറയുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി 30 ന് ഉച്ച കഴിഞ്ഞ് മൂന്ന്  പ്രതിഷേധ സമരം നടത്താൻ ഇൻഫാം തീരുമാനിച്ചു.