Friday, April 26, 2024
keralaLocal NewsNews

കാനനപാതയിൽ ആരോഗ്യവകുപ്പിന്റെ വ്യാപക  പരിശോധന

എരുമേലി: കണമല , കാളകെട്ടി, അഴുത ക്കടവ്, കോയിക്കാവ്, ഇരുമ്പൂന്നിക്കര ഭാഗങ്ങളിൽ  ഹെൽത്ത് ഇൻസ്പെക്ടർ  കെ.ആർ ഷാജിമോന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. കാനനപാതയിലെ ഹോട്ടലുകളിൽ  പഴകിയ ആഹാര സാധനങ്ങൾ നൽകുന്നതായി നടന്നു പോകുന്ന അയ്യപ്പൻമാരിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കണമലയിലെ ഒരു ഹോട്ടലിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ കണ്ടെടുത്തു നശിപ്പിച്ചു. അടിസ്ഥാന സൗകരങ്ങൾ ഇല്ലാതെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥർക്ക് നോട്ടീസ് നൽകി. പുകയില ഉൽപ്പന്നങ്ങൾ അനധികൃതമായി വിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം റവന്യൂ സ്ക്വാഡ് എരുമേലിയിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ്, ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് എടുക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ലഭിച്ചിരുന്നു.  എരുമേലിയിലും തുടർ പരിശോധന ശക്തമാക്കിയതായി ഹെൽത്ത് ഓഫീസ്സർ അറിയിച്ചു. ഹെൽത്ത് ക്കാർഡ്, ഫിറ്റ്നസ് സർട്ടിഫിക്കേറ്റ്, കുടിവെളള പരിശോധന – എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഓഫീസ്സർ അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്സ് സന്തോഷ്, ജിതിൻ കെ.ഗോപകുമാർ , പ്രശാന്ത് എന്നിവർ പങ്കെടുത്തു.