Tuesday, May 14, 2024
keralaNews

വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയുടെ നേരെ തോക്കുചൂണ്ടി കവര്‍ച്ചശ്രമം

വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയുടെ നേരെ തോക്കുചൂണ്ടി കവര്‍ച്ചശ്രമം. വീട്ടമ്മ ബഹളംവച്ചതോടെ മോഷ്ടാവ് സമീപത്തെ മതില്‍ ചാടി ബൈക്കില്‍ കടന്നുകളഞ്ഞു. പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണര്‍ന്ന് അടുക്കള വാതില്‍ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു.

തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു. ഇതോടെ മോഷ്ടാവ് സമീപത്തെ മതില്‍ ചാടിക്കടന്നു ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കറുത്ത ടിഷര്‍ട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആള്‍ തലയില്‍ തൊപ്പിവച്ചിരുന്നു. മുഖം മറച്ചിരുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനല്‍കി. അതേസമയം, സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.