Monday, May 6, 2024
Newspoliticsworld

തുര്‍ക്കി നാടുകടത്തിയ ഭീകരനെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു

തുര്‍ക്കി:തുര്‍ക്കിയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരന്‍ നീല്‍ പ്രകാശിനെ ഓസ്‌ട്രേലിയന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ ചാര്‍ജ് ചെയ്ത ആറ് കേസുകളില്‍ ഇയാള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു.രാജ്യാന്തര തലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുക, ഭീകരവാദ പ്രചാരണം നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് 31 വയസ്സുകാരനായ നീലിനെതിരെ ചുമത്തിയിരിക്കുന്നത്.        ജീവിതാവസാനം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവയില്‍ മിക്കതും. സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടന്ന ഖാലിദ് 2016ലാണ് അറസ്റ്റിലായത്. ഭീകരവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്കും, ഇറാക്കിലേക്കും പോയ 230 പേരില്‍ പ്രധാനിയായിരുന്നു ഖാലിദ്. ഓസ്‌ട്രേലിയന്‍ പൗരന്മാരെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന ഇയാളുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.                           നേരത്തേ ഇറാഖില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഖാലിദ് കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ ആക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തത് എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.ബുദ്ധമത വിശ്വാസിയായിരുന്ന നീല്‍ പ്രകാശ് 2012ലായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് അബു ഖാലിദ് അല്‍ കംബോഡി എന്ന പേര് സ്വീകരിച്ച് സിറിയയിലേക്ക് കടക്കുകയായിരുന്നു.