Wednesday, April 24, 2024
keralaNews

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ തൊഴിലാളി കടയ്ക്ക് തീയിട്ടു

മലപ്പുറം: ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തില്‍ മലപ്പുറത്ത് കടയ്ക്ക് തീയിട്ട് വിവിധ ഭാഷ തൊഴിലാളി. കഴിഞ്ഞ ദിവസം രാത്രി തിരൂരങ്ങാടിയിലായിരുന്നു സംഭവം. ചന്തപ്പടിയിലെ ടയര്‍ പംഗ്ചര്‍ കടയ്ക്കാണ് ബിഹാര്‍ സ്വദേശി ആലം തീയിട്ടത്. ഇയാള്‍ തീയിട്ടത് എന്ന് കടയുടമ കെ.ടി അമാനുല്ല പറഞ്ഞു. ഉള്ളണം കോട്ടത്തറയിലാണ് ആലമും കൂടെയുള്ള ജോലിക്കാരും താമസിക്കുന്നത്. കടയുടെ താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം ഇയാള്‍ കൂടെയുള്ളവരെ മുറിയില്‍ പൂട്ടി ഇട്ട് ബൈക്കില്‍ കടയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കടയ്ക്ക് തീയിട്ടു. ഇതിന് ശേഷം ബൈക്കില്‍ പരപ്പനങ്ങാടിയില്‍ എത്തിയ ഇയാള്‍ തീവണ്ടി കയറി നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഫുട്ബോള്‍ കളി കണ്ട് മടങ്ങിയവരാണ് കടയ്ക്ക് തീപിടിച്ചതായി ആദ്യം കണ്ടത്. ഉടനെ വിവരം ഉടമയെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കടയില്‍ ഉണ്ടായത് എന്നാണ് ഉടമ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ആലം ടയര്‍ പംഗ്ചര്‍ കടയില്‍ ജോലിയ്ക്കെത്തിയത്. കടയിലെ സ്ഥിരം ജീവനക്കാരന് പകരമായിരുന്നു ഇയാളെ ജോലിയ്ക്ക് നിയമിച്ചത്. എന്നാല്‍ ഇയാള്‍ കടയില്‍ നിന്നും പണം മോഷ്ടിക്കുക പതിവായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആലമിനെ പറഞ്ഞുവിട്ടതെന്നും കടയുടമ പറഞ്ഞു.