Monday, May 6, 2024
educationkeralaNewspolitics

ഗവര്‍ണര്‍ക്ക് രണ്ട് വിസിമാര്‍ കൂടി വിശദീകരണം നല്‍കി

തിരുവനന്തപുരം: യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ ഒമ്പത് വിസിമാരോട് ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ട് വൈസ് ചാന്‍സലര്‍മാര്‍ കൂടി രാജി സമര്‍പ്പിക്കാത്തതിന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് ഡിജിറ്റല്‍ സര്‍വ്വകാലശാല വിസിയും, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസിയും വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതുവരെ അഞ്ച് വിസിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ എസ്എഫ്‌ഐയുടേയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടയില്‍ ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഡോ.സിസ തോമസ് ചുമതലയേറ്റത്. വിസിയുടെ ചുമതല ഏറ്റെടുത്ത് ഒപ്പിടേണ്ട രജിസ്റ്റര്‍ നല്‍കേണ്ട ഉദ്യോഗസ്ഥരടക്കം നിസ്സഹകരിച്ച് വിട്ടുനിന്നതോടെ കടലാസില്‍ എഴുതിയാണ് സിസ തോമസ് ചാന്‍സിലറായി ചുമതലയേറ്റത്.അതേ സമയം അനുവാദം ഇല്ലാതെ ചുമതല ഏറ്റതില്‍ സിസ തോമസിനോട് വിശദീകരണം തേടാനുള്ള നീക്കത്തിലാണ് സര്‍ക്കര്‍. സിസക്ക് ചുമതല നല്‍കിയത് ചട്ടം ലംഘിച്ചാണെന്ന വാദം സിപിഎം ഉയര്‍ത്തുന്നുമുണ്ട്. രേഖാമൂലം ഉള്ള അനുവാദം ഇല്ലാതെ പുതിയ ചുമതലയേറ്റതില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോ സാങ്കേതിക വകുപ്പ് ഡയറക്ടറോ സിസയോട് വിശദീകരണം തേടും. എന്നാല്‍ ചാന്‍സിലര്‍ പദവി നല്‍കിയ ശേഷം ചുമതല ഏല്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിസയുടെ വിശദീകരണം. ചുമതലയേല്‍ക്കുന്നത് ഡയറകട്‌റെ അറിയിച്ചിരുന്നതായും സിസ പറയുന്നു. വിസി ഇല്ലെങ്കില്‍ ചുമതല പ്രോ വിസിക്കോ, മറ്റേതെങ്കിലും വിസിക്കോ അതുമല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടരിക്കോ നല്‍കണമെന്ന കെടിയു ചട്ടം പാലിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. പരീക്ഷാ നടത്തിപ്പില്‍ സിസി വീഴ്ച വരുത്തിയതായുള്ള അന്വേഷണ റിപ്പോര്‍ട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.