Monday, May 6, 2024
educationkeralaNewspolitics

പുറത്താകാതിരിക്കാന്‍ മറുപടി: വിസിമാര്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞു

കൊച്ചി: സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താകാതിരിക്കാന്‍ മറുപടി നല്‍കുന്നതിന് വിസിമാര്‍ക്ക് ഗവര്‍ണര്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. ഏഴ് വിസിമാരാണ് ഇതിനകം വിശദീകരണം നല്‍കിയത്. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ കൂടിയാണ് ഇനി മറുപടി നല്‍കേണ്ടത്.ഇവര്‍ ഇന്ന് വിശദീകരണം നല്‍കുമെന്നാണ് വിവരം. മറുപടി നല്‍കിയ വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നല്‍കിയ വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വിസി മാരുടെ ഹര്‍ജികളിന്മേല്‍ ഗവര്‍ണര്‍ ഇന്ന് ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നോട്ടീസ് ലഭിച്ച വി.സി മാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാകും വാദം.ഹര്‍ജികള്‍ നാളെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കുന്നുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.                                                          ജഡ്ജിമാരെ നിയോഗിച്ചുള്ള അന്വേഷണത്തിന് ശേഷമെ നടപടി എടുക്കാന്‍ പാടുള്ളുവെന്ന വിസിമാരുടെ ഹര്‍ജികളിലെ വാദം നിലനില്‍ക്കില്ലെന്നും കോടതിയെ ബോധിപ്പിക്കും. നിയമനത്തിലെ അപാകത സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുത്തേണ്ടതിന്റെ ആവശ്യകതയും ചാന്‍സിലര്‍ എതിര്‍ സത്യവാങ്മൂലത്തിലുടെ കോടതിയെ അറിയിക്കും. മുന്‍പ് എം.ജി സര്‍വകലാശാല വി.സിയെ സമാന രീതിയില്‍ പുറത്താക്കിയ സംഭവം കഴിഞ്ഞയാഴ്ച്ച ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.ഇക്കാര്യവും സത്യവാങ്മൂലത്തിലുണ്ടായേക്കും.സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തന്നെയാകും വിസി മാര്‍ക്കെതിരെ തുറുപ്പുചീട്ടായി ഗവര്‍ണര്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക. വി.സി നിയമന നടപടികളില്‍ തെറ്റു സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ നിയമന അതോറിറ്റി എന്ന നിലയില്‍ ചാന്‍സലര്‍ ഇടപെടുന്നതില്‍ നിയമപ്രശ്നമുണ്ടോ എന്നതടക്കം കോടതി പരിശോധിക്കും.