Wednesday, April 24, 2024
indiakeralaNews

സിആര്‍പിഎഫില്‍ വനിത ഐജി അഭിമാനത്തോടെ ആലപ്പുഴ

ആലപ്പുഴ: ഐജി റാങ്ക് നേടിയ രണ്ട് വനിതകളില്‍ ഒരുവനിത ഓഫീസറെ സിആര്‍പിഎഫ് വനിത ഓഫീസര്‍ ഐജി റാങ്കില്‍ നിയമിച്ചപ്പോള്‍ അത്
ആലപ്പുഴക്കുളള അഭിമാനവും അംഗീകാരവുമായി. ആലപ്പുഴക്കാരായ കെ. ജെ. ഏബ്രഹാം ഏലിയാമ്മ ഏബ്രഹാം ദമ്പതികളുടെ മകള്‍ ആനി ഏബ്രഹാമിന്റെ നിയമനമാണ് അഭിമാനമായിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി സിആര്‍പിഎഫ് വനിത ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിക്കുന്നത്. രണ്ട് വനിതകളാണ് ഐജി റാങ്ക് നേടിയത്. സീമ ധുണ്ടിയയാണ് ഐജിയായി ആനി ഏബ്രഹാമിനൊപ്പം സ്ഥാനക്കയറ്റം നേടിയത്. ആനി ഏബ്രഹാമിന്റെ മാതാപിതാക്കള്‍ ഭോപ്പാല്‍ ബിഎച്ച്ഇഎലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഭോപ്പാലിലായിരുന്നതിനാല്‍ ആനി ഏബ്രഹാമിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. മാതാപിതാക്കളുടെ വിരമിക്കലിനുശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കി. മുംബൈയിലായിരുന്നു സ്ഥിരതാമസമെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ആനി നാട്ടിലെത്താറുണ്ടായിരുന്നു. ദ്രുതകര്‍മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവില്‍ ഡിഐജിയാണ് ആനി. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. യുഎന്‍ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ ഇന്റലിജന്‍സ് ഐജി, ഡിഐജി, വിജിലന്‍സ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986ലാണ് സിആര്‍പിഎഫില്‍ ആദ്യമായി മഹിളാ ബറ്റാലിയന്‍ സൃഷ്ടിച്ചത്. 1987ല്‍ സേനയുടെ ഭാഗമായ ആദ്യ ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് ആനി. ആറ് വനിതാ ബറ്റാലിയനുകളിലായി ആറായിരം വനിതാ സേനാംഗങ്ങള്‍ സിആര്‍പിഎഫിലുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ആനിയുടെ പിതാവ് ഏബ്രാഹം മരിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മ ഏലിയാമ്മ കുഴഞ്ഞുവീണു മരിച്ചു.