Friday, May 17, 2024
keralaNewsUncategorized

താമരാക്ഷന്‍ പിള്ള നിയമം കാറ്റില്‍ പറത്തി: കെഎസ്ആര്‍ടിസി ബസിനെതിരെ കേസ്

കോതമംഗലം; നിയമം കാറ്റില്‍ പറത്തി വിവാഹയാത്രക്കായി പേര് മാറ്റി അപകടകരമായ രീതിയില്‍ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്
ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.നിയമലംഘനത്തിന് കേസെടുത്ത മോട്ടോര്‍വാഹനവകുപ്പ് ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിനോട് വിശദീകരണവും തേടിയിരിനുന്നത്. ഗതാഗതവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ബസിലെ അലങ്കാരങ്ങള്‍ അഴിച്ചുമാറ്റിയിരുന്നു.    ഇന്നലെയാണ് നിയമം ലംഘിച്ച് കെഎസ്ആര്‍ടിസിയുടെ കല്യാണ യാത്ര. പേരടക്കം മാറ്റി നിറയെ കാടും പടലും വെച്ച് അലങ്കോലമാക്കിയാണ് സര്‍വ്വീസ് നടത്തിയത്. കോതമംഗലത്തുനിന്ന് അടിമാലിയിലേക്കായിരുന്നു നിയമലംഘനം നടത്തിയുള്ള യാത്ര. ദിലീപും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച പറക്കും തളികയിലെ താമരാക്ഷന്‍ പിള്ള ബസിനെ ഓര്‍മ്മിപ്പിക്കും വിധം കെഎസ്ആര്‍ടിസി ബസിനെ രൂപമാറ്റം വരുത്തി സര്‍വ്വീസ് നടത്തിയത്. ബസിന്റെ പേര് താമരാക്ഷന്‍ പിള്ള ബസ് എന്നാക്കി മാറ്റിയാണ് സര്‍വ്വീസ് നടത്തിയത്. ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ ഇടതുഭാഗത്ത് ഡ്രൈവറുടെ കാഴ്ചമറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങള്‍. വശങ്ങളിലെ ചമയങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിധമായിരുന്നു.ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ പാര്‍ട്ടികള്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതില്‍ നിയമതടസ്സമില്ല. ഈ പഴുതിലൂടെയാണ് ഈ ആഭാസം നടത്തിയത്. എന്നാല്‍ വാഹനം വാടകയ്ക്ക് എടുക്കുന്ന സമയത്ത് യാതൊരു തരത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞയാഴ്ച കെഎസ്ആര്‍ടിസി ബസില്‍ പരസ്യങ്ങള്‍ പോലും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പോലും ഗൗനിക്കാതെയാണ് ഈ രൂപമാറ്റം വരുത്തിയുള്ള അപകടം പിടിച്ച യാത്ര.