Saturday, May 4, 2024
keralaNewspolitics

അവസാന ശ്വാസംവരെ ഞാന്‍ കോണ്‍ഗ്രസുകാരന്‍, പോരാട്ടം ബിജെപിക്കെതിരെ: ആന്റണി

തിരുവനന്തപുരം : മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും എത്രനാള്‍ ജീവിച്ചിരുന്നാലും താന്‍ ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചും ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എകെ ആന്റണി സംസാരിച്ചത്. രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുര്‍ബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം സമുദായ സൗഹാര്‍ദ്ദം ശിഥിലമാകുന്ന സ്ഥിതിയാണുള്ളത്. ജാതി -മത- വര്‍ണ ഭേദമില്ലാതെ എല്ലാവരെയും ഒരേ പോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഒരു ഘട്ടത്തില്‍ ഇന്ധിരാഗാന്ധിയുമായി താന്‍ അകന്നുവെങ്കിലും പിന്നീട് തിരിച്ച് വന്ന ശേഷം മുമ്പില്ലാത്ത രീതിയില്‍ ആദരവും സ്‌നേഹവുമാണ് അവരോടുണ്ടായിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാന്‍ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ആ കുടുംബമാണ്. അതിനാല്‍ എന്നും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. എന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. 82 വയസായ ഞാന്‍ ഇനിയെത്രകാലമുണ്ടാകുമെന്നറിയില്ല. ദീര്‍ഘായുസെനിക്ക് താല്‍പര്യവുമില്ല. എത്രനാള്‍ ഞാന്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായാകുമെന്നെനിക്കുറപ്പാണ്. എന്റെ അവസാന ശ്വാസം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താനിനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാര്‍ത്താ സമ്മേളനമാകുമെന്നും അദ്ദേഹം പറഞ്ഞു.