Tuesday, April 23, 2024
keralaNewspolitics

അനില്‍ ആന്റണി ബിജെപിക്കാരനായി: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എകെ ആന്റണിയുടെ പ്രസ്താവന ശിരസ വഹിച്ചാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതെന്ന് സിപിഎം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്റെ പരിഹാസം. രാത്രി ആര്‍എസ്എസ് ആയവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകന്‍ തന്നെ ശിരസാ വഹിച്ചു. പകലും രാത്രിയും ബിജെപി ആയി പ്രവര്‍ത്തിക്കാന്‍ അനില്‍ ആന്റണി തീരുമാനിച്ചുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അധമ സംസ്‌കാരമാണെന്നാണ് അനില്‍ ആന്റണി പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കെതിരെയും അനില്‍ ആന്റണി വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല. ആര്‍എസ്എസിനെതിരെയും ഇവര്‍ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സംശയിക്കുന്നു. വേണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞ ആളെയാണ് കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്‌റു ആര്‍എസ്എസുമായി സന്ധി ചെയ്‌തെന്ന് പറഞ്ഞ ആളാണ് കെ.സുധാകരനെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനും ഉള്ള കോണ്‍ഗ്രസിന്റെ പരിമിതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നാക്രമണത്തെ ശക്തമായി എതിര്‍ക്കുന്നത് ഇടതുപക്ഷമാണെന്നും എംവി ഗോവിന്ദന്‍ പ്രസ്താവിച്ചു.