Thursday, May 16, 2024
indiaNewspolitics

കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബത്തിനായി നിലകൊള്ളുന്നതിന് മുന്‍തൂക്കം നല്‍കി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബത്തിനായി നിലകൊള്ളുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ ബിജെപി രാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് താന്‍ മനസിലാക്കിയതുകൊണ്ടാണ് ഈ തീരുമാനം. തന്റെ ധര്‍മ്മം രാജ്യത്തെ സേവിക്കലാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അനില്‍ കെ. ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക ദിനത്തില്‍ തന്നെ ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഒപ്പം നിന്ന് രാജ്യത്തെ സേവിക്കാനും അവസരം നല്‍കിയ ബിജെപി നേതൃത്വത്തോട് നന്ദി പറയുന്നു എന്നായിരുന്നു അംഗത്വം സ്വീകരിച്ചതിന് ശേഷമുള്ള അനിലിന്റെ ആദ്യ പ്രതികരണം.
രാജ്യപുരോഗതിയില്‍ ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട് . രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നുള്ളത് തന്നെയാണ് തന്റെ ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നതായി അനില്‍ കെ ആന്റണി വ്യക്തമാക്കി.ഇത് വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താത്പര്യത്തിനേക്കാളുപരി 2-3 വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിബിസി ഡോക്യുമെന്ററി വിവാദമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനോട് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മൂന്ന് മാസക്കാലം വളരെയധികം ആലോചിച്ചു. അതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് അനില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഓരോ പൗരനും അവര്‍ക്ക് ആവശ്യമായ നീതി ലഭിക്കാന്‍ വേണ്ട എല്ലാ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. രാജ്യതാത്പര്യത്തിന് പ്രാധാന്യം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അത് ചെയ്യുമെന്ന് ഉറപ്പുള്ള പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതെന്നും അനില്‍ പറഞ്ഞു. കൂടാതെ ബിജെപിയില്‍ ചേര്‍ന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനായി രാജ്യത്തെ സേവിക്കാനാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും അനില്‍ വ്യക്തമാക്കി.  ഞങ്ങള്‍ വീട്ടില്‍ നാല് മക്കളാണ്. ഇവര്‍ക്കെല്ലാം വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണുള്ളത്. പപ്പയും മമ്മയും പഠിപ്പിച്ചിട്ടുള്ളത് സ്വന്തം മനഃസാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാണ്, വിശ്വാസങ്ങളെ മുറുകെ പിടിക്കാനാണ്. അതിലുപരി ഒരു നല്ല ഇന്ത്യന്‍ പൗരനായി ജീവിക്കാനും മറ്റ് പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുമാണ് അവര്‍ മക്കളെ പഠിപ്പിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴും താന്‍ ചെയ്യുന്നത്. അച്ഛന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത് പോലും വീട്ടില്‍ തങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്ന പതിവില്ല. അത്തരമൊരു രീതിയാണ് കാലങ്ങളായി തുടര്‍ന്നിരുന്നതെന്നും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അനില്‍ മറുപടി നല്‍കി.കോണ്‍ഗ്രസിനെ താന്‍ വഞ്ചിച്ചിട്ടില്ല. പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഈ തീരുമാനെടുക്കുന്നത് താന്‍ രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്. രാജ്യത്തെ ഏതൊരാള്‍ക്കും ഏറെ ബഹുമാനമുള്ള വ്യക്തിയാണ് തന്റെ പിതാവ്. വര്‍ഷങ്ങളോളം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തന്റെ അച്ഛന്റെ ‘ലെഗസിക്ക്’ ഈ രാഷ്ട്രീയ തീരുമാനം കൊണ്ട് യാതൊരു കോട്ടവും വരുമെന്ന് വിശ്വസിക്കുന്നില്ലെന്നും അനില്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകനാണ് അനില്‍ കെ ആന്റണി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നായിരുന്നു അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് കെ. സുരേന്ദ്രനൊപ്പം എത്തിയ അനില്‍ കെ. ആന്റണി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഔദ്യോഗിക അംഗത്വം നേടിയത്. കേന്ദ്ര വിദേശകാര്യ വി. മുരളീധരനും ചടങ്ങില്‍ സന്നിഹിതനാ യിരുന്നു.