Monday, April 29, 2024
keralaNews

കൊച്ചിയില്‍ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കൊച്ചിയില്‍ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.സിഗ്‌നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസ് ആണ് വൈപ്പിന്‍ സ്വദേശി ആന്റണിയെ ഇടിച്ചിട്ടത്. ബസിനടിയിലേക്ക് വീണ് ആന്റണി തല്‍ക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസ്. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍ സിഗ്‌നല്‍ കട്ട് ആകുന്നതിന് മുന്‍പ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്‌നലില്‍ ഇടത് വശം ചേര്‍ന്ന് പോവുകയായിരുന്ന ആന്റണി ബസ് തട്ടിയതോടെ ടയറിന്റെ ഭാഗത്തേക്ക് വീണു. വൈപ്പിന്‍ സ്വദേശിയായ ആന്റണിയെ (46 വയസ്) ഹോം ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.