Monday, May 6, 2024
keralaNewspolitics

2 വകുപ്പുകള്‍ വിഭജിച്ച് 4 പേര്‍ക്ക്.

പതിവായി മുസ്ലിം മന്ത്രിമാര്‍ക്കു നല്‍കിയിരുന്ന ന്യൂനപക്ഷ ക്ഷേമം കൂടി ഏറ്റെടുത്ത് ആകെ 29 വകുപ്പുകളുടെ നാഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവുമധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന കഴിഞ്ഞ ഭരണകാലയളവിലെ തന്റെ റെക്കോര്‍ഡ് പിണറായി സ്വയം തിരുത്തി. പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, ഐടി, വിമാനത്താവളം തുടങ്ങിയവയാണു മുഖ്യമന്ത്രിയുടെ മറ്റു പ്രധാന വകുപ്പുകള്‍.
കെ.കെ.ശൈലജയ്ക്കു കീഴിലായിരുന്ന സാമൂഹിക നീതിയും വനിത, ശിശു വികസനവും എന്ന ഒറ്റ വകുപ്പിനെ രണ്ടായി വിഭജിച്ച് ‘സാമൂഹിക നീതി’യെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനു നല്‍കി; വനിതാ, ശിശു വികസനം വീണാ ജോര്‍ജിനും.
സ്‌പോര്‍ട്‌സും യുവജന കാര്യവും വകുപ്പിനെയും വിഭജിച്ച് മന്ത്രി വി. അബ്ദുറഹിമാന് സ്‌പോര്‍ട്‌സും ഫിഷറീസ് മന്ത്രി സജി ചെറിയാന് യുവജന കാര്യവും നല്‍കി. വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കു ശേഷം സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ അംഗീകരിച്ചതോടെ രാത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ സിപിഐയിലെ ഇ.ചന്ദ്രശേഖരന്‍ വഹിച്ച ദുരന്ത നിവാരണ വകുപ്പ് ഇത്തവണ ആര്‍ക്കാണെന്നു വിജ്ഞാപനത്തിലില്ല. അതിനാല്‍, ഇതു മറ്റു വകുപ്പുകള്‍ എന്ന വിഭാഗത്തില്‍ മുഖ്യമന്ത്രിക്കു കീഴിലായി.