Sunday, May 12, 2024
indiaNews

കര്‍ണാടക മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി.

ബെംഗളൂരു: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും കര്‍ണാടക മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയത്. ബില്ല് പാസാക്കല്‍ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്.ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആരോപിക്കുന്നത്. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ ഇന്നലെ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പ്രതിഷേധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബില്‍ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കിയിരുന്നു.