Monday, April 29, 2024
keralaNews

ബഫർ സോൺ : ഉപഗ്രഹ സർവ്വേ ജനങ്ങളുടെ തലയിൽ പെയ്തിറങ്ങിയ മഹാദുരന്തമാണെന്ന് വി ഡി സതീശൻ . 

Rajan .s
എരുമേലി: ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ
ഉപഗ്രഹ സർവേ  കർഷകരായ പാവപ്പെട്ടവരുടെ തലയിൽ പെയ്തിറങ്ങിയ മഹാദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജനവാസ മേഖലയായ എയ്ഞ്ചൽവാലി – പമ്പാവാലി വാർഡുകൾ അടക്കം മാനത്തെ നിരവധി ജനവാസ മേഖലകൾ ബഫർ സോണും – വനഭൂമിയായി മാറിയതിനെതിരെയുള്ള  പ്രതിഷേധത്തിന്റെ ഭാഗമായി ഏഞ്ചൽവാലിയിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അബദ്ധ പഞ്ചാംഗം പോലെ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വേ റിപ്പോർട്ട് ലഭിച്ച്  7 മാസം കഴിഞ്ഞിട്ടും സർക്കാർ തെറ്റു തിരുത്താൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്തു . പട്ടയം നൽകിയ ഭൂമിയാണ് വനഭൂമിയായി വീണ്ടും റിപ്പോർട്ട് വന്നിരിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. വകുപ്പ് മന്ത്രിക്ക് പോലും ഇത് അറിയില്ല. വിഷയം വായിച്ചു പഠിക്കാൻ ശ്രമിക്കുന്ന ഒരാളെ വനം വകുപ്പ്   ഏൽപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു . സുപ്രീംകോടതിയുടെ  ഉത്തരവിനെതിരെ യഥാസമയം മറുപടി നൽകാൻ സംസ്ഥാന സർക്കാറിനോ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.ജനവാസ കേന്ദ്രങ്ങളെ ബഫർ സോളിൽ നിന്നും ഒഴിവാക്കിയത് യുഡിഎഫ് സർക്കാരാണ്. എന്നാൽ മഹാപ്രളയങ്ങളെ തുടർന്ന് 2019 ൽ ജനവാസ മേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. കരട് വിജ്ഞാപനം വന്നുവെങ്കിലും മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. കേരളത്തിലെ സവിശേഷ സാഹചര്യം  കണക്കിലെടുത്ത്  സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേകം റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി വ്യവസ്ഥ ചെയ്തിട്ടും  സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉപഗ്രഹ സർവ്വേ റിപ്പോർട്ട്  മൂന്നര മാസക്കാലം സർക്കാർ  പൂഴ്ത്തിവെച്ചുവെന്നും  പറഞ്ഞു. അറബിക്കടൽ, തീരദേശം, മല നിരകൾ,വനം, ജനസംഖ്യ എന്നിവയുടെ ഇടയിൽ കുറച്ച്  ജനവാസ മേഖല മാത്രമാണുള്ളത് .ബഫർ സോണിൽ ഉൾപ്പെട്ട പഞ്ചായത്ത്,  മുൻസിപ്പാലിറ്റി, കോർപ്പറേഷനുകളിലേയും മറ്റും റിപ്പോർട്ടുകൾ എടുക്കാൻ ദിവസങ്ങൾ മാത്രം മതിയെന്ന് ഇരിക്കെ സർക്കാർ  ഇക്കാര്യത്തിൽ മാസങ്ങളായി കാട്ടിയ  ഇപ്പോഴത്തെ പ്രസിഡൻറ് കാരണമെന്നും വി ഡി  സതീശൻ പറഞ്ഞു . യുഡിഎഫ് സർക്കാരാണ് എയ്ഞ്ചൽവാലി മേഖലയിലെ ജനങ്ങൾക്ക് പട്ടയം നൽകിയത്. ആ കർഷകരുടെ ഭൂമിയിൽ ആരെയും കയറാനും അനുവദിക്കില്ലെന്നും നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം . ഇന്നും മഞ്ഞക്കുറ്റി പോയ വഴിക്ക് പുല്ലുപോലും കിളിർത്തിട്ടില്ല. മഞ്ഞക്കുറ്റി പിഴുത് എറിഞ്ഞതുപോലെ തന്നെയാണ് എഴുകുമണ്ണിൽ വനം വകുപ്പിന്റെ ബോർഡ് പിഴുതു മാറ്റിയതെന്നും  അതുമായി ബന്ധപ്പെട്ട കേസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.എയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം സ്കൂൾ നടന്ന ചടങ്ങിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .  ആന്റോ ആൻറണി എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി അഡ്വ.പി എ .സലിം,കെപിസിസി ജില്ല പ്രസിഡന്റ്  നാട്ടകം സുരേഷ്,കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സന്ധ്യ വിനോദ് , എരുമേലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, മറിയാമ്മ സണ്ണി , മാത്യു ജോസഫ് , ജിജി മോൾ സജി, ലിസി സജി, മറിയാമ്മ ജോസഫ് ,മറിയാമ്മ മാത്തുക്കുട്ടി, സമരസമിതി കൺവീനർ പി ജെ സെബാസ്റ്റ്യൻ,യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടുമ്പിൽ,കൺവീനർ ഫിസൺ മാത്യു, കെപിസിസി അംഗങ്ങളായ ടോമി കല്ലാനി,തോമസ് കല്ലാടൻ  അടക്കം വിവിധ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.