Monday, April 29, 2024
HealthindiaNews

ഒമിക്രോണ്‍; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രം

ദില്ലി: ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാനാണ് നിര്‍ദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.

ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ അനുദിനം വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുകയാണ്. ഒമിക്രോണ്‍ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.