Monday, April 29, 2024
indiaNews

500 രൂപയുടെ നോട്ട് വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രം.

ന്യൂഡല്‍ഹി: 500 രൂപയുടെ നോട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കേന്ദ്രം. ഗാന്ധിജിയുടെ ചിത്രത്തോട് ചേര്‍ന്ന് പച്ച സ്ട്രിപ്പ് വരുന്ന നോട്ടുകള്‍ വ്യാജമാണെന്നും, നടുവില്‍ പച്ച സ്ട്രിപ്പ് വരുന്ന നോട്ടുകളാണ് യഥാര്‍ത്ഥത്തില്‍ ഉള്ളതെന്നുമായിരുന്നു പ്രചാരണം.                                                    സമൂഹമാദ്ധ്യമങ്ങളിലും വാട്സ്ആപ്പിലുമെല്ലാം ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് മുന്നറിയിപ്പുമായി കേന്ദ്രം എത്തിയത്. നേരത്തേയും സമാനമായ രീതിയിലുള്ള സന്ദേശം പ്രചരിച്ചിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഫാക്ട് ചെക്ക് വിഭാഗം ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് അന്ന് കൃത്യമായ തെളിവുകള്‍ സഹിതം വ്യക്തമാക്കുകയും ചെയ്തിരുന്നു.2016 ലാണ് കേന്ദ്രം അതുവരെയുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ നിരോധിച്ച് പുതിയ 500ന്റെ നോട്ട് പുറത്തിറക്കിയത്. വ്യാജനോട്ടുകള്‍ കണ്ടെത്താനായി ആര്‍ബിഐ തന്നെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യാജനോട്ടും യഥാര്‍ത്ഥനോട്ടും തമ്മില്‍ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം,

1. ഇടത് വശത്ത് താഴെയായി മറച്ചു വച്ചിരിക്കുന്ന 500 ഉണ്ട്. നോട്ട് വെളിച്ചത്തിലേക്ക് പിടിച്ചാല്‍ ഇത് കാണാനാകും.

2.നോട്ടിന്റെ ഇടത് വശത്ത് താഴെയായി രേഖപ്പെടുത്തിയിരിക്കുന്ന 500 എന്ന അക്കം മറുവശത്തും കാണാം.

3. ദേവനാഗിരി ലിപിയില്‍ കുത്തനെ നില്‍ക്കുന്ന രീതിയില്‍ 500 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

4. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ മധ്യഭാഗത്തായി വരും. മുന്‍പത്തെ നോട്ടുകളില്‍ അദ്ദേഹത്തിന്റെ ചിത്രം മധ്യഭാഗത്തായിരുന്നില്ല.

5. ഗ്യാരണ്ടി ക്ലോസ്, ഗവര്‍ണറുടെ ഒപ്പ് തുടങ്ങിയവ ഇതിനോട് ചേര്‍ന്ന് കാണാം.

6.മഹാത്മാഗാന്ധിയുടെ ചിത്രത്തോട് ചേര്‍ന്ന് പച്ചക്കളറിലുള്ള സുരക്ഷാ സ്ട്രിപ്പ് ഉണ്ട്. ഭാരത്, ആര്‍ബിഐ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. പച്ച സ്ട്രിപ്പ് ചെരിച്ച് പിടിച്ച് നോക്കിയാല്‍ നീല നിറത്തില്‍ കാണാം.

7. മഹാത്മാഗാന്ധിയുടെ ചിത്രം വാട്ടര്‍മാര്‍ക്ക് വിഭാഗത്തില്‍ ഉണ്ട്. നോട്ട് ചെരിച്ച് പിടിച്ച് നോക്കിയാല്‍ ഇവിടെ അദ്ദേഹത്തിന്റെ ചിത്രം കാണാനാകും.

8. നോട്ടിന്റെ വലത് ഭാഗത്ത് താഴെയുള്ള നമ്പര്‍ പാനലില്‍ ചെറുതില്‍ നിന്ന് വലുതായി രീതിയിലാണ് അക്കങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

9. താഴെ വലതുഭാഗത്തായി രേഖപ്പെടുത്തിയിരിക്കുന്ന 500 എന്ന അക്കത്തിന്റെ മഷിയ്ക്ക് ചെറിയ നിറം മാറ്റം കാണാനാകും.

10. കാഴ്ചാ വൈകല്യമുള്ളവര്‍ക്കായി ഇവിടെ ചില കാര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കോണായി അഞ്ച് വരകളും ഉണ്ട്.

11. നോട്ടിന്റെ പിന്‍ഭാഗത്ത് താഴെ ഇടത് വശത്തായി സ്വച്ഛ്ഭാരത് ലോഗോയും മുദ്രാവാക്യവും

12. നോട്ടിന്റെ മറുവശത്ത് ഇടത് ഭാഗത്തായി നോട്ട് അച്ചടിച്ച വര്‍ഷം ഉണ്ടാകും.

13. വലത് വശത്തുള്ള അശോക സ്തംഭത്തിന്റെ ചിത്രം

14. പിറകില്‍ മധ്യഭാഗത്തായി വിവിധ ഭാഷകളില്‍ നോട്ടിനെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

15. പിറകില്‍ വലത് ഭാഗത്ത് മുകളിലായി ദേവനാഗിരി ലിപിയില്‍ 500 രേഖപ്പെടുത്തിയിട്ടുണ്ട്.

16. ചെങ്കോട്ടയുടെ ചിത്രം ഇതിനോട് ചേര്‍ന്ന് കാണാം.