Friday, May 17, 2024
indiaNews

വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി

ന്യൂഡല്‍ഹി:  രാജൃത്തെ പ്രധാന വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ നടപടികള്‍ ശക്തമാക്കി. ജയ്പൂര്‍, നാഗ്പൂര്‍, ഗോവ വിമാനത്താവളങ്ങളിലാണ് അടുത്തിടെ ബോംബ് ഭീഷണി സന്ദേശങ്ങളെത്തിയത്. ഏപ്രില്‍ 26- നാണ് കൊല്‍ക്കത്ത, ജയ്പൂര്‍ വിമാനത്താവളങ്ങളില്‍ വ്യാജ ബോംബ് ഭീഷണി ഇമെയില്‍ വഴി സന്ദേശമെത്തിയത്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് പുറത്തും പരിസരപ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.   ഇമെയില്‍ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോവയിലെ ദബോലിം വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇമെയില്‍ അക്കൗണ്ടിലാണ് സന്ദേശമെത്തിയത്. സന്ദേശം എത്തിയതോടെ വിമാനത്താവള അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.രാജസ്ഥാനിലെ ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടര്‍ക്കായിരുന്നു വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. രാവിലെ ഓഫീസിലെത്തിയ ഡയറക്ടര്‍ ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പ്രതികളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. വിവിധ ഏജന്‍സികള്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. സംഭവത്തില്‍ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ സുരക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.