മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കില്‍പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവില്‍ നില്ക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നില്‍ വെള്ളം ഇരമ്പി വരുന്നതും കാണാം.
യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. ഒഴുക്കില്‍പ്പെട്ടവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സമീപപ്രദേശത്ത് തന്നെയുള്ള കുടുംബമാണിതെന്നാണ് പൊലീസിന്റെ അറിയിപ്പ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.