Monday, May 6, 2024
keralaNews

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടെ പൈപ്പ് ലൈന്‍ വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 2020-21 സാമ്പത്തിക വര്‍ഷം 440496 കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലായുള്ള 634074 വീടുകളില്‍ നിന്നാണ് ഒന്നാംഘട്ടത്തിലേക്ക് 440496 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്. 59 ഗ്രാമപഞ്ചായത്തുകളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടെ പൈപ്പ് ലൈന്‍ വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തരൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതായി മന്ത്രി പറഞ്ഞു. തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര, കുത്തനൂര്‍, തരൂര്‍, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളില്‍ ഒന്നാംഘട്ടത്തില്‍ 1100 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കും. കുത്തനൂര്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 24 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി തരൂര്‍ പഞ്ചായത്തില്‍ 70 ലക്ഷം രൂപ ചെലവാക്കി നെച്ചൂര്‍ കുടിവെള്ള പദ്ധതിയും നടപ്പിലാക്കി.

വടക്കഞ്ചേരി, കണ്ണമ്പ്ര ,കിഴക്കഞ്ചേരി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ രണ്ടുഘട്ടമായി 90 കോടി രൂപ ചെലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇതിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും. കൂടാതെ പോത്തുണ്ടി ഡാം സ്രോതസ്സാക്കി കാവശ്ശേരി, പുതുക്കോട്, തരൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായ മുരളീധരന്‍, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥ്, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.