Monday, April 29, 2024
Local NewsNews

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൃക്കൊടിത്താനം: സമൂഹമാധ്യമ മായ ഫേസ്ബുക്കിലൂടെയുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി ഭാഗത്ത് കുളങ്ങര വീട്ടില്‍ ഷാജന്‍ (48), പായിപ്പാട്, മച്ചിപ്പള്ളി ഭാഗത്ത് പ്ലാമൂട്ടില്‍ വീട്ടില്‍ ബിനാസ് (29) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി വെള്ളാപ്പള്ളി ജംഗ്ഷന്‍ ഭാഗത്തുവച്ച് പായിപ്പാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കാറിലെത്തിയ ഇവര്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തുകയും, മര്‍ദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് തലയിലും മറ്റും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാവും, ബിനാസും സമൂഹമാധ്യമങ്ങളില്‍ നേരെത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് ബിനാസിന്റെ സൗഹൃദം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും,

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്.ഐ അഖില്‍ദേവ് , സി.പി.ഓ മാരായ സെബിന്‍, ജസ്റ്റിന്‍, വിനീഷ് മോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.