Monday, May 6, 2024
indiaNewsworld

20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം

20 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാന്‍ ഒഴിഞ്ഞതോടെ കാബൂള്‍ ഒഴികെ ഏതാണ്ടെല്ലാ നഗരപ്രവിശ്യകളും കീഴടക്കിയ താലിബാന് മുന്നില്‍ ഗത്യന്തരമില്ലാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനി സ്ഥാനമൊഴിഞ്ഞു. കാബൂളില്‍ ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അത് വന്‍ ആള്‍നാശത്തിന് കാരണമാകുമെന്നതിനാലാണ് യുദ്ധം ഒഴിവാക്കി അഷ്റഫ് ഘാനി സ്ഥാനം രാജിവെച്ചത്.അഫ്ഗാനിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ഇടക്കാല താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തിരിക്കുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ സേനയും അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു അഷ്റഫ് ഘാനി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്.
മറ്റെല്ലാ നഗരങ്ങളും അനായാസം കീഴടക്കിയ താലിബാന്‍ ഒടുവില്‍ കാബൂള്‍ നഗരവും വളഞ്ഞു. അതോടെ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ താലിബാനുമായി യുദ്ധത്തിനില്ലെന്നും സമാധാനപരമായി അധികാരം കൈമാറുമെന്നും അറിയിക്കുകയായിരുന്നു. അതിനാല്‍ താലിബാന്‍ കാബൂളില്‍ ആക്രമണം നടത്തിയില്ല. എല്ലാ താലിബാന്‍ പോരാളികളോടും കാബൂളിലേക്കുള്ള വീഥികളില്‍ നിലയുറപ്പിക്കാനും സമാധാനപരമായ അധികാരക്കൈമാറ്റം ഉണ്ടാകുന്നതുവരെ കാത്തിരിക്കാനും നിര്‍ദേശം നല്‍കിയതായി താലിബാന്‍ വക്താവ് സബിഹുള്ള പറഞ്ഞു. രക്തച്ചൊരിച്ചിലിന് പകരം സമാധാനപരമായ അധികാരക്കൈമാറ്റം വേണമെന്ന് യുഎസും താലിബാനോട് നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ താലിബാന്‍ അക്രമത്തിന്റെ പാത ഒഴിവാക്കി.അതേ സമയം പാശ്ചാത്യ സമാധാന സേനയ്ക്കായി പ്രവര്‍ത്തിച്ച നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് അല്‍ബേനിയയുടെ പ്രധാനമന്ത്രി പറഞ്ഞു. യുഎസ് നിര്‍ദേശപ്രകാരമാണ് അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുക. ഇവര്‍ വൈകാതെ യുഎസിലേക്ക് പോകുമെന്നും അല്‍ബേനിയ പ്രധാനമന്ത്രി എഡി റാമ പറഞ്ഞു.