Tuesday, May 14, 2024
keralaNewspolitics

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാന ലാപ്പില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാന ലാപ്പില്‍. പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുന്ന റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കൊട്ടിക്കലാശത്തിന്റെ മണിക്കൂറിലേക്ക് പുതുപ്പള്ളി കടക്കുമ്പോള്‍ പ്രവര്‍ത്തകരുടെ ആവേശവും അലയടിച്ചുയരുകയാണ്.                                               കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയാണ്. കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിലേക്ക് കടന്ന പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുന്നത് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമര്‍ശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്ന പുതുപ്പള്ളിയില്‍ സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ സെപ്റ്റംബര്‍ മൂന്ന് വൈകിട്ട് ആറുമണിമുതല്‍ സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് ആറുമണിവരെയുള്ള 48 മണിക്കൂറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ വി. വിഗ്നേശ്വരി ഉത്തരവായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സംബന്ധമായി ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് വിലക്കിക്കൊണ്ടാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം വിലക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് നടപ്പാക്കുന്നതിനു മാത്രമായിരിക്കും നിരോധനാജ്ഞ ബാധകമാവുക എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.