Sunday, April 28, 2024
EntertainmentkeralaNews

15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തും, പിന്മാറാതെ പാറമേക്കാവ്; പൂരം നഗരിയില്‍ 18 പേര്‍ക്ക് കോവിഡ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവമ്ബാടി ദേവസ്വവും മറ്റു ഘടക ക്ഷേത്രങ്ങളും തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആഘോഷ പരിപാടികളില്‍ നിന്ന് പിന്മാറാതെ പാറമേക്കാവ് ദേവസ്വം. 15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. ഇക്കാര്യം തൃശൂര്‍ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്ബിലേക്ക് പ്രവേശനം അനുവദിക്കാതെ ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി പ്രതീകാത്മകമായി പൂരം നടത്താന്‍ തിരുവമ്ബാടി ദേവസ്വവും ഘടകക്ഷേത്രങ്ങളും നിലപാടെടുത്തു.

ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങള്‍ ഒരുങ്ങുന്നത്. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേസമയം 50 പേര്‍ മാത്രമാണ് പങ്കെടുക്കുക എന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ആഘോഷങ്ങളില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് പാറമേക്കാവിന്റേത്.