Monday, May 13, 2024
indiaNewspoliticsworld

നഫ്താലി ബെനറ്റ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങി. ഇനി രാജ്യത്തെ നയിക്കുന്നത് തീവ്രദേശീയ വാദി എന്നറിയപ്പെടുന്ന നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നഫ്താലി നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുപ്പക്കാരനായിരുന്നു. എട്ടോളം പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നാണ് നെതന്യാഹുവിനെ ഭരണത്തില്‍ നിന്നും താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. വിശ്വാസവോട്ടെടുപ്പിലൂടെ ബെനറ്റ് അധികാരത്തിലേറുകയും ചെയ്തു. 1 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരണമാറ്റം. ഇതോടെ തീവ്ര ദേശീയ പാര്‍ട്ടിയായ യമിന പാര്‍ട്ടി നേതാവ് ബെനറ്റും സഖ്യകക്ഷിയായ യായിര്‍ ലാപിഡും ഭരണം പങ്കുവെയ്ക്കാന്‍ ധാരണയായി. ആദ്യ ഊഴം ലഭിച്ചതും ബെനറ്റിന് തന്നെ.

പലസ്തീനികളുടെ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ക്കുന്ന ഒരു നേതാവ് കൂടിയാണ് ബെനറ്റ്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമുള്ള ജൂതന്മാരുടെ അധിനിവേശത്തിന് ശക്തമായ പിന്തുണയാണ് ബെനറ്റ് നല്‍കുന്നത്. നേരത്തെ നെതന്യാഹുവിന്റെ ഭരണകാലത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സമ്മര്‍ദ്ദം മൂലം അഭായാര്‍ത്ഥി ക്യാമ്ബുകളുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പലസ്തീനും-ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടര്‍ന്നും പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് അത് ചെയ്തത്. എന്നാല്‍ ബെനറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയായിരുന്നു ബെനറ്റ്. നെതന്യാഹുവിന്റെ സ്റ്റാഫുകളില്‍ പ്രധാനിയായി രണ്ട് വര്‍ഷം ബെനറ്റ് സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു.

യയിര്‍ ലാപിഡിനെ പ്രധാനമന്ത്രിയാകാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ബെനറ്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ 120 അംഗ പാര്‍ലമെന്റില്‍ 7 സീറ്റ് മാത്രമേ ബെനറ്റിന്റെ യമിന പാര്‍ട്ടിയ്ക്ക് ലഭിച്ചുള്ളൂ. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി യയിര്‍ ലാപിഡുമായി ബെനറ്റ് സഖ്യത്തിലാവുകായയിരുന്നു.തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളെ മുറുകെ പിടിക്കുന്ന ബെനറ്റിന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഇസ്രായേലില്‍ എത്തിയ കുടുംബം ഹയ്ഫ നഗരത്തില്‍ താമസം ആരംഭിച്ചു.                                                                                           ചെറുപ്പത്തില്‍ തന്നെ രാജ്യസ്‌നേഹം മനസില്‍ നിറഞ്ഞ ബെനറ്റ് വൈകാതെ സൈന്യത്തില്‍ ചേര്‍ന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ തൊണ്ണൂറുകളില്‍ കമാന്‍ഡോ ആയി പ്രവര്‍ത്തിച്ചു. സൈന്യത്തിന്റെ പല ഓപ്പറേഷനുകളിലും നിര്‍ണായക കണ്ണിയായി. പിന്നീട് ജറുസലേമിലെത്തി ഹീബ്രു സര്‍വകലാശാലയിലാണ് നിയമം പഠിച്ചത്. തുടര്‍ന്ന് ഐടി രംഗത്തെത്തി സ്വന്തമായി കമ്ബനി സ്ഥാപിച്ചു. 2005ല്‍ ഈ സ്ഥാപനം 145 മില്യണ്‍ ഡോളറിന് അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ ആര്‍എസ്എയ്ക്ക് വിറ്റു. യുഎസില്‍ നിന്ന് മടങ്ങിയെത്തിയതോടെ ബെനറ്റിന്റെ ലക്ഷ്യം ഇസ്രായേല്‍ രാഷ്ട്രീയമായിരുന്നു. 2006ലാണ് ബെനറ്റ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.