Friday, March 29, 2024
indiaNewsSports

നാല്‍പ്പതാം വയസില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമെന്ന് വാഗ്ദാനം നല്‍കാനാവില്ല: എം എസ് ധോണി

രാജസ്ഥാന്‍ റോയല്‍സിന് എതിരെ 45 റണ്‍സിന്റെ വിജയം ചെന്നൈ സൂപ്പര്‍ കിങ്സിനായി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ധോണിക്ക് ഇരട്ടി മധുരം നല്‍കുന്നതായി. മത്സരത്തില്‍ ഏഴാമനായി ബാറ്റിങ്ങിന് ഇറങ്ങിയ താരത്തിന്റെ പ്രകടനം പക്ഷേ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, മികച്ച പ്രകടനം എപ്പോഴും ഉറപ്പു തരാനാവില്ലെന്നും പൂര്‍ണമായും ഫിറ്റായിരിക്കുക എന്നതിന് ആണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും മത്സരശേഷം ധോണി പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന് എതിരെ 188 റണ്‍സ് പ്രതിരോധിച്ച ചെന്നൈ അവരുടെ സ്പിന്നര്‍മാരായ മോയിന്‍ അലിയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തിലാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ റണ്‍സ് പ്രതിരോധിച്ചു കൊണ്ട് അവരുടെ ആദ്യത്തെ വിജയം സ്വന്തമാക്കിയത്.

എന്നിരുന്നാലും, മിഡില്‍ ഓവറുകളില്‍ എം എസ് ധോണി ബാറ്റ് ചെയ്ത രീതി ചില ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഓവറില്‍ ഒമ്ബത് റണ്‍സ് ശരാശരിയില്‍ മുന്നേറിയിരുന്ന സി എസ് കെയുടെ സ്‌കോറിങ് ധോണി ക്രീസില്‍ എത്തിയതിന് ശേഷം മന്ദഗതിയിലായി. ആറ് ബോളുകള്‍ നേരിട്ട ശേഷമാണ് താരം ആദ്യ റണ്‍ കണ്ടെത്തിയത്. 17 ബോളില്‍ വെറും 18 റണ്‍സ് മാത്രമെടുത്ത താരം ചെന്നൈയുടെ സ്‌കോറിങ് വേഗത കുറച്ചു. നാല്‍പ്പതാം വയസില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും ഫിറ്റ്നസ് നിലനിര്‍ത്താനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മത്സരശേഷം ധോണി പ്രതികരിച്ചു. മറ്റൊരു മത്സരത്തില്‍ ആയിരുന്നെങ്കില്‍ താന്‍ പാഴാക്കിയ ആറ് ബോളുകള്‍ക്ക് വലിയ വില നല്‍കേണ്ടി വന്നേനെ എന്ന് പറഞ്ഞ ധോണി 24 വയസിലും താന്‍ മികച്ച പ്രകടനം ഉറപ്പു പറഞ്ഞിരുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചു.

‘നമ്മള്‍ കളിക്കുമ്‌ബോള്‍ നമ്മെ ചൂണ്ടി നമ്മള്‍ ഫിറ്റ് അല്ലെന്ന് ആരും പറയരുത്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടാകില്ല. എനിക്ക് 24 വയസായിരുന്നപ്പോഴും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന കാര്യം ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നില്ല. അപ്പോള്‍ നാല്‍പ്പതാം വയസിലും അത്തരത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ കഴിയില്ല’ – ധോണി പറഞ്ഞു.ചെന്നൈയെ വിജയത്തിലേക്ക് നയിച്ച ധോണിയുടെ കീഴില്‍ ചെന്നൈ സ്പിന്നര്‍മാര്‍ അവരുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് പന്തെറിഞ്ഞത്. വാംഖഡെയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രൗണ്ടില്‍ അധികം മഞ്ഞു വീഴ്ച ഉണ്ടായിരുന്നില്ല എന്നതും അവരുടെ വിജയത്തില്‍ നിര്‍ണായകമായി.