കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് 15 പേരുടെ മൃതദേഹം കണ്ടെടുത്തു. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍. 4 ലൈന്‍ ലയങ്ങളാണ് മണ്ണിനടിയില്‍. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പരുക്കുകളോടെ രക്ഷപ്പെട്ടു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവരാണു മരിച്ചത്. രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്.
കൂടുതല്‍ പേര്‍ക്കായി തിരച്ചിലില്‍ തുടരുന്നു. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റര്‍ അകലെയുള്ള മലയിലെ ഉരുള്‍പൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റര്‍ പരിധിയില്‍ കല്ലുചെളിയും നിറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തകര്‍ന്ന പെരിയവര പാലം ശരിയാക്കി. താല്‍ക്കാലികമായുള്ള ഗതാഗത സാധ്യതയാണ് തയാറാക്കിയത്. രക്ഷാപ്രവര്‍ത്തനത്തെ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
സമീപത്തെ ആശുപത്രികള്‍ക്കു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനിനിവാസികള്‍ പറയുന്നു. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല.