Saturday, May 4, 2024
educationindiaNews

ഹിജാബ് വിവാദം: കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു

ബംഗളൂരു: സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് വിലക്കിയ വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജും അടച്ചിടാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും സമാധാനവും ഐക്യവും നിലനിര്‍ത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ ഹിജാബ് വിവാദം കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ വ്യാപിപ്പിച്ചു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മുന്നില്‍ക്കണ്ട് മനഃപ്പൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തുകയായിരുന്നു. ഇത് സംഘര്‍ഷാവസ്ഥ കൂട്ടുകയും കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയം . ഹിജാബ് വിലക്കിയതിനെതിരെ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇവര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയത് അധികൃതര്‍ വിലക്കിയിരുന്നു.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ഹൈക്കോടതി കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് ധരിച്ച് എത്തുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. തുടര്‍ന്ന് ഒരുവിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷോളും തലപ്പാവും ധരിച്ച് എത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വിദ്യാലയങ്ങളിലെ സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്.